അന്നു പറഞ്ഞു കരിയും വേണ്ട കരിമരുന്നും വേണ്ടായെന്ന്; ഇപ്പോൾ പറയുന്നു കരിയും വേണം കരിമരുന്നും വേണമെന്ന്. ശബരിമലയ്ക്ക് പിന്നാലെ ഇരട്ടത്താപ്പുകളുടെ ഗിരി

നിലപാടുകൾ സ്വീകരിക്കാനും ആ സ്വീകരിച്ച നിലപാടുകൾക്കെതിരെ സമരം ചെയ്യാനുമുള്ള വിശേഷ കഴിവുള്ള ലോകത്തെ ഏക "സാംസ്കാരിക" സംഘടനയാണ് ആർ.എസ്.എസ്. ഒരു വിഷയത്തിൽ അവർ ഇന്ന് രാവിലെ ഒരു നിലപാട് സ്വീകരിച്ചാൽ ആ നിലപാട് അന്ന് വൈകുന്നേരം സൂര്യൻ അസ്തമിക്കും വരെയെങ്കിലും ഉണ്ടാകുമോ ഇല്ലയോ എന്ന് ആർ.എസ്.എസ്സിന്റെ നിലവിലെ സര്‍സംഘ് ചാലക് മോഹന്‍ ഭഗവതിന് പോലും നിശ്ചയം ഉണ്ടാകില്ല എന്നതാണ് വാസ്തവം. ശബരിമല വിഷയത്തിൽ അത് നമ്മൾ നേരിൽ കണ്ടതുമാണ്.

ശബരിമലയിൽ ആദ്യം സ്ത്രീകൾ കയറണം എന്ന് ശക്തമായി വാദിക്കുകയും, അതിനു വേണ്ടി നിയമ പോരാട്ടം നടത്തുകയും ചെയ്ത അതെ ആർ.എസ്.എസ്. പിന്നീട് അവരുടെ തന്നെ നിലപാടുകൾക്കെതിരെ തെരുവിൽ കലാപമുണ്ടാക്കുന്നത് നമ്മൾ കണ്ടതാണ്. അതിന്റെ തുടർച്ചയായി ഇതാ വീണ്ടും ആന വിഷയത്തിലും ആർ.എസ്.എസ്. അവരുടെ ഇരട്ടത്താപ്പ് തുടരുകയാണ്. തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയെ പൂരത്തിന് പോയിട്ട് നാലാൾ കൂടുന്ന സ്ഥലത്തു കൊണ്ട് വന്നു നിർത്താൻ കഴിയില്ല എന്ന് വനം വകുപ്പിന്റെ ഡോക്റ്റർമാർ ഒന്നടങ്കം പറയുന്നു. പൂരം പോലെ പതിനായിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടുന്ന അവസരത്തിൽ അവിടെ തെച്ചിക്കോട്ട് രാമചന്ദ്രനെ പോലെ അപകടകാരിയായ ആനയെ കൊണ്ട് വന്നാൽ ഉണ്ടാകുന്ന അപകടത്തെ കുറിച്ചും അവർ മുന്നറിയിപ്പ് നൽകുന്നു.

പൂരത്തിന് ആനയെ വേണമെങ്കിൽ മറ്റു ആനകളെ ഉപയോഗിക്കാവുന്നതാണ്. അതിൽ സർക്കാരിനോ കോടതിക്കോ ഒരു എതിർപ്പും ഇല്ല. അപ്പോഴാണ് സംഘ്പരിവാറുകാർ പറയുന്നത് ഇല്ല ഞങ്ങൾക്ക് തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയെ മാത്രം മതി എന്ന്. നിലപാട് പറയുന്നത് സംഘപരിവാർ ആയതു കൊണ്ട് തന്നെ എന്തായാലും അവർക്കു ഈ വിഷയത്തിൽ മുൻനിലപാട് ഉണ്ടോ എന്നൊരു അന്വേഷണം നടത്തിയാൽ എത്തുന്നത് പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്ന ശേഷം 2016 ഏപ്രിൽ 22 നു ഇറങ്ങിയ കേസരി മാസികയിലാണ്. അതിന്റെ കവർ തന്നെ "കരിയും വേണ്ട, കരിമരുന്നും വേണ്ട" എന്നാണ്.

അതായത് ആർ.എസ്.എസ്. അവരുടെ മുഖ മാസികയിൽ എഴുതുകയാണ് കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളിൽ ഇനിമുതൽ ആനയും വേണ്ട കാതടപ്പിക്കുന്ന വെടിക്കെട്ടും വേണ്ട എന്ന്. പകരം ആ പണം മുഴുവൻ മനുഷ്യർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചെലവാക്കണം എന്ന്. ഇത് എഴുതിയത് ചില്ലക്കാരനല്ല. ശബരിമലയുടെ പേരിൽ ആചാരസംരക്ഷണകലാപം ആസൂത്രണം ചെയ്ത ചിദാനന്ദപുരിയാണ്. ഇനി എന്നാണ് ഇയ്യാൾ സ്വന്തം ലേഖനത്തിനെതിരെ രംഗത്ത് വരുക എന്ന് അറിയില്ല. കാരണം ടിയാണ് ആദ്യം ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് വാദിച്ചിരുന്ന ആൾ ആണ്.

ഇത് ആദ്യത്തെ സംഭവം അല്ല. വർഗ്ഗീയത ചൂഷണം ചെയ്തു ജനങ്ങളെ തമ്മിൽ തല്ലിച്ചു അതിനെ വോട്ടാക്കി മാറ്റാമെന്നുണ്ടെങ്കിൽ ആർ.എസ്.എസ് എന്ത് നെറികേടും ചെയ്യും. ശബരിമല പോലെ ഒട്ടനവധി വിഷങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇത് ആദ്യത്തെയോ അവസാനത്തെയോ സംഭവവുമാകില്ല.

 

 

 

 

 

 

09-May-2019