കനേഡിയന്‍ പൗരനായ അക്ഷയ് കുമാര്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍; മോദിക്കെതിരെ ശക്തമായി തിരിച്ചടിച്ചു കോൺഗ്രസ്

രാജീവ് ഗാന്ധി നാവിക സേനയുടെ യുദ്ധക്കപ്പല്‍ വിനോദയാത്രക്ക് ഉപയോഗിച്ചുവെന്ന ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ തിരിച്ചടിയുമായി കോൺഗ്രസ് രംഗത്ത്. കനേഡിയൻ പൗരനായ അക്ഷയ്കുമാർ ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്ര സന്ദർശിക്കുന്ന ചിത്രങ്ങളാണ് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന പുറത്തു വിട്ടത്.

'ഒരു കനേഡിയന്‍ പൗരന്‍ നാവികസേനയുടെ യുദ്ധക്ക പ്പലിനുള്ളില്‍ കയറുന്നത് ഉചിതമാണോ' എന്നാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന ചോദിച്ചത്. പ്രധാനമന്ത്രിയേയും അക്ഷയ് കുമാറിനേയും ടാഗ് ചെയ്താണ് ദിവ്യയുടെ ട്വീറ്റ്. നമ്മളില്‍ പലരും ഈ വിവാദം മറന്നിട്ടില്ലെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ ബുധനാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ചത്. നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിരാട് രാജീവ് ഗാന്ധി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.

എന്നാല്‍ നരേന്ദ്രമോദിയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് മുന്‍ നാവികസേനാ ചീഫ് അഡ്മിറല്‍ എല്‍. രാമദാസ്, ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ വജാഹത്ത് ഹബീബുള്ള, റിട്ട. വൈസ് അഡ്മിറല്‍ വിനോദ് പസ്റിച്ച എന്നിവര്‍ വ്യക്തമാക്കിയിരുന്നു. വിരാടിന്റെ മുന്‍ കമാന്‍ഡിങ് ഓഫീസര്‍കൂടിയാണ് എല്‍.രാമദാസ്.

 

10-May-2019