ജോസഫിനെതിരെ പടയൊരുക്കം കേരളം കോൺഗ്രസ് എം പ്രതിസന്ധിയിൽ

പി ജെ ജോസഫിനെ വലിച്ചെറിയാന്‍ മാണി കേരള കോണ്‍ഗ്രസില്‍ ചരട് വലി തുടങ്ങി. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയത് അതിന്റെ ഭാഗമായാണെന്നാണ് കേരള കോണ്‍ഗ്രസ് എംലെ ജോസഫ് ഗ്രൂപ്പുകാര്‍ ആരോപിക്കുന്നത്. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ പി ജെ ജോസഫിനെതിരെ പടയൊരുക്കം തുടങ്ങിയെന്ന ആരോപണം ഉയര്‍ത്തുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി ജെ ജോസഫിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കേണ്ടതെന്നാണ് പൊതുവില്‍ മാണി കോണ്‍ഗ്രസിലുണ്ടായിരുന്ന ധാരണ. അതിനെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കി, സി.എഫ്. തോമസിനെ പാര്‍ലമെന്റി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. ഇതിലൂടെ പാര്‍ട്ടിയില്‍ മാണി വിഭാഗത്തിന്റെ ആധിപത്യം ഉറപ്പിക്കാനാകുമെന്നും ഇവര്‍ കരുതുന്നു. പാലയില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ മത്സരിപ്പിച്ച് കൂടുതല്‍ ശക്തികേന്ദ്രമാവാനും ജോസ് കെ മാണി കരുക്കള്‍ നീക്കുന്നുണ്ട്.

മുതിര്‍ന്ന നേതാവായ പി ജെ ജോസഫിനെ വിമര്‍ശിച്ച് കഴിഞ്ഞദിവസം പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ ലേഖനം പ്രസിദ്ധീകരിച്ചത് ഇതിന്റെ ഭാഗമായാണ്. തുടര്‍ന്നാണ് മാണി വിഭാഗം പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്. ചെയര്‍മാന്‍ സ്ഥാനം, പാര്‍ലമെന്ററി നേതൃസ്ഥാനം എന്നിവ ഒരു കാരണവശാലും വിട്ടുകൊടുക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്.

ഇക്കാര്യത്തില്‍ പി ജെ ജോസഫ് കൃത്യമായ നിര്‍ദേശങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ കേന്ദ്രങ്ങളില്‍ നിന്നും മനസിലാക്കുന്നത്. ചെയര്‍മാന്‍ സ്ഥാനം തനിക്കുള്ളതാണെന്ന് വ്യക്തമാക്കുന്ന രീതിയില്‍ മാണിയുടെ മരണത്തിന് ശേഷം തന്റെ കേന്ദ്രങ്ങളില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞതായി ചിലര്‍ വ്യക്തമാക്കുന്നുണ്ട്. മെയ് 17ന് ശേഷം കേരള കോണ്‍ഗ്രസ് യോഗങ്ങള്‍ നടക്കാനിരിക്കെ ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കും. പി ജെ ജോസഫുമായി കൂടിയാലോചന നടത്തി തന്ത്രങ്ങൾ ആവിഷ്കരിക്കും. മാണി വിഭാഗത്തിലെ ജോസ് കെ മാണി വിരുദ്ധരെ കൂടി ജോസഫ് വിഭാഗത്തിലേക്ക് എത്തിക്കാനായാൽ പാല മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് ജോസഫിന്റെ കൂടെ വരുന്ന മാണി വിഭാഗക്കാരിലൊരാളാവും സ്ഥാനാര്‍ത്ഥി. ജോസഫ് തന്ത്രങ്ങളുമായി ഇറങ്ങിയാല്‍ പിടിച്ചു നില്‍ക്കാന്‍ കെ എം മാണി മറുഭാഗത്ത് ഇല്ലാത്തത് കേരള കോണ്‍ഗ്രസ് എം നെ വല്ലാതെ ദുര്‍ബലമാക്കുന്നുണ്ട്.

12-May-2019