ഗുജറാത്തിൽ ദലിത്‌ കുടുംബത്തിന്റെ വിവാഹ ഘോഷയാത്ര മേൽജാതിക്കാർ തടഞ്ഞു; തടയാൻ സംരക്ഷണം ഒരുക്കിയത് പോലീസ്

ഗുജറാത്തിൽ ദലിത്‌ കുടുംബത്തിന്റെ വിവാഹ ഘോഷയാത്ര മേൽജാതിക്കാർ തടഞ്ഞു. ദലിത്‌ കുടുംബത്തിന്റെ വിവാഹഘോഷയാത്ര കടന്നു പോകുന്ന റോഡുകളിലെല്ലാം മേല്‍ജാതിക്കാര്‍ യജ്ഞകുണ്ഠങ്ങള്‍ ഒരുക്കിയായിരുന്നു വിവാഹ ഘോഷയാത്ര തടഞ്ഞത്. പോലീസിന്റെ അനുമതിയോടെയാണ് മേൽജാതിക്കാർ റോഡില്‍ യജ്ഞം നടത്തിയിരുന്നത്. സമാനമായ രീതികള്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ മേല്‍ജാതിക്കാര്‍ ദലിത്‌ കുടുംബങ്ങളുടെ വിവാഹ ഘോഷയാത്ര തടയുന്നതു പതിവാക്കിയിരിക്കുകയാണ്.

ആരാവല്ലി ജില്ലയിലെ ഖംഭിസാര്‍ ഗ്രാമത്തിലാണ് ഞായറാഴ്ച വിവാഹഘോഷയാത്ര മേൽജാതിക്കാർ തടയാൻ ശ്രമിച്ചത്. ദളിതര്‍ വിവാഹഘോഷയാത്ര നടത്തുന്നതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹം ഭംഗിയായി നടത്താന്‍ ദളിതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. പൊലീസ് സന്നാഹത്തോടെ ഘോഷയാത്ര മുന്നേറുമ്പോള്‍ത്തന്നെയാണ് തസ്‌ഥയാണ് ശ്രമം ഉണ്ടായത്. താക്കൂര്‍ ജാതിയില്‍ പെട്ടവരാണ് ദളിതര്‍ക്കെതിരെ ഈ ഗ്രാമത്തില്‍ നീക്കം നടത്തിയത്. തങ്ങള്‍ ആദ്യം ഘോഷയാത്ര നടത്താന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിയുണ്ടായെന്നും ഇതെത്തുടര്‍ന്ന് തിരിച്ചുവരികയും കൂടുതല്‍ പൊലീസുകാരെത്തി വീണ്ടും പുറത്തിറങ്ങുകയുമായിരുന്നെന്ന് വരന്റെ പിതാവ് പറയുന്നു. കൂടുതല്‍ പൊലീസുകാരുണ്ടായിരുന്നിട്ടും മേല്‍ജാതിക്കാര്‍ കല്ലെറിയുകയായിരുന്നു.

ഗുജറാത്തില്‍ ഈയടുത്ത ദിനങ്ങളില്‍ ദളിതര്‍ക്കു നേരെയുള്ള നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇതിലെല്ലാം പോലീസ് അക്രമകാരികൾക്കു അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഞായറാഴ്ച സബര്‍കാന്ത ജില്ലയിലെ ഒരു ഗ്രാമത്തിലും സമാനതകളുള്ള ഒരു സംഭവം നടന്നു. ഇവിടെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം വേണമെന്ന് ദളിത് വിഭാഗക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സന്നാഹത്തിന്റെ സംരക്ഷണത്തിലാണ് വിവാഹം നടന്നത്.

തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദളിത് പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്ന് ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാജസ്ഥാനിലെ ആല്‍വാറില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മായാവതിക്കെതിരെ മോദി എടുത്തു പ്രയോഗിക്കുന്നുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ രാജസ്ഥാനിലെ രണ്ട് ബിഎസ്പി എംഎല്‍എമാകര്‍ പിന്തുണയ്ക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിമര്‍ശനം.

13-May-2019