1992 ലെ അഭിമുഖത്തില്‍ മോദി എഞ്ചിനീയറിംഗ് ബിരുദധാരി; മോദിയുടെ തള്ളുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് സോഷ്യൽ മീഡിയ

മോദിയുടെ തള്ളുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് സോഷ്യൽ മീഡിയ. 1992 ലെ ഒരു അഭിമുഖത്തിൽ മോദി പറഞ്ഞ കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വിമർശനവും പരിഹാസവും ശക്തമാകുന്നത്. 1992 ജനുവരി 26 ലക്കം തരംഗയെന്ന കന്നഡ മാസികയിലാണ് താന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് മോദി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് മാസിക പ്രസിദ്ധീകരിച്ചത്.

എന്നാൽ താന്‍ ബിരുദാനന്തര ബിരുദ ധാരിയാണെന്നാണ് ഈ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ മോദി വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല മോദിയുടെ ഔദ്യോഗിക രേഖകളിൽ എല്ലാം മോദി ഇതാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് തർക്കങ്ങളും നിലവിലുണ്ട്. ഇതിൽ പ്രധാനമായി വിമർശകർ ചൂണ്ടി കാണിക്കുന്നത് ഏതു വിഷയത്തിലാണ് മോദി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് എന്നതാണ്. നരേന്ദ്രമോദി 62.3 ശതമാനം മാര്‍ക്കോടെ എന്റയർ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിയിട്ടുണ്ടെന്നാണ് ഗുജറാത്ത് സര്‍വ്വകലാശാല വൈസ് ചൈന്‍സലറായിരുന്ന എംഎന്‍ പട്ടേല്‍ മുന്‍പ് മറുപടി നല്‍കിയത.മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വിവാദമായപ്പോഴായിരുന്നു ഇത്. അതായത് എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്ന് ഇതുവരെ രേഖകളിലൊന്നും കാണാനില്ല.

1987 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ ക്യാമറയും ഇ മെയിലും ഉപയോഗിച്ചിട്ടുണ്ടെന്ന മോദിയുടെ അവകാശവാദം വ്യാപക ട്രോളിന് ഇടയാക്കിയിരുന്നു. മേഘമുണ്ടെങ്കില്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാം എന്ന് പരാമര്‍ശിച്ച അതേ അഭിമുഖത്തിലായിരുന്നു ഈ പ്രസ്താവനകളും. ഇതിന് പിന്നാലെയാണ് താന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്ന 1992 ലെ മോദിയുടെ അവകാശവാദം വൈറലായിരിക്കുന്നത്.

14-May-2019