സൗദി എണ്ണക്കമ്പനിക്കു നേരെ ഹൂതിവിമതരുടെ ഡ്രോൺ ആക്രമണം

സൗദി എണ്ണക്കമ്പനിക്കു നേരെ യെമനിലെ ഹൂതിവിമതർ‌ ഡ്രോൺ ആക്രമണം നടത്തിയതായി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് വെളിപ്പെടുത്തി. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള അരാംകോ എണ്ണക്കമ്പനിയുടെ രണ്ടു പമ്പിങ്‌ സ്‌റ്റേഷനുകള്‍ക്കു നേരേയാണ് സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ആളില്ലാവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച്‌ ആക്രമണം നടത്തിയത്.

ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം ആക്രമണം നടന്നത്. എണ്ണ സമ്പുഷ്ടമായ കിഴക്കൻ പ്രവിശ്യയിൽ നിന്ന് ചെങ്കടലിലെ യാൻബു തുറമുഖത്തേക്കുള്ള പൈപ്‍ലൈനിലേക്ക് എണ്ണ പമ്പ് ചെയ്യുന്ന സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. തീ പിടിത്തത്തിൽ നാശമുണ്ടായ ഒരു സ്റ്റേഷനിലെ പമ്പിംഗ് നിറുത്തിവച്ചു.തങ്ങളുടെ ഏഴ് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതർ അവകാശപ്പെട്ടു.

രാജ്യാന്തര ക്രൂഡോയില്‍ വ്യാപാരത്തില്‍ നിര്‍ണായക സ്‌ഥാനമുള്ള ഹോര്‍മുസ്‌ കടലിടുക്കില്‍ സൗദിയുടെ രണ്ട്‌ എണ്ണക്കപ്പലുകളും യു.എ.ഇയുടെയും നോര്‍വേയുടെയും ചരക്കുകപ്പലുകളും ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്‌ ഡ്രോണുകള്‍ ലോകത്തെ ഏറ്റവും ബൃഹത്തായ എണ്ണക്കമ്പനിയായ അരാംകോയെ ലക്ഷ്യമിട്ടത്‌.

 

15-May-2019