ഗോഡ്സെ ദേശസ്നേഹിയെന്ന പ്രസ്താവന: ആചാരം ലംഘിച്ചില്ല; പ്രജ്ഞാസിംഗ് ഠാക്കൂർ മാപ്പു പറഞ്ഞു
അഡ്മിൻ
രാഷ്ട്രപിതാവ് മഹാത്മായെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പറഞ്ഞതിൽ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞാസിംഗ് ഠാക്കൂർ പരസ്യമായി മാപ്പു പറഞ്ഞു.
'ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആരെയും വേദനിപ്പിക്കാനോ വികാരം വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല അത്. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഗാന്ധിജി രാജ്യത്തിന് നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖാനിക്കുകയായിരുന്നു'- പ്രജ്ഞാസിംഗ് ഠാക്കൂർ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന മക്കൾ നീതി മെയ്യം നേതാവ് കമലഹാസന്റെ പ്രസ്‌താവനയ്ക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പ്രജ്ഞാസിംഗ് ഠാക്കൂർ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് എന്ന് പറഞ്ഞത്. ഇതിനെതിരെ ഇന്ത്യ മുഴുവൻ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു.
ഇതോടെ പ്രജ്ഞാസിംഗ് ഠാക്കൂറിനെ തള്ളിയ ബി.ജെ.പി രംഗത്ത് വരുകയും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകായും ചെയ്തു. ഇതേ തുടർന്നാണ് പ്രജ്ഞാസിംഗ് ഠാക്കൂർ മാപ്പു പറയാൻ തയ്യാറായത്.