തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി പരാജയപ്പെട്ടേക്കുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി പരാജയപ്പെട്ടേക്കുമെന്നു കുമ്മനം രാജശേഖരൻ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്നും ഇത് തന്റെ പരാജയത്തിന് കാരണമാകുമെന്നുമാണ് കുമ്മനം രാജശേഖരൻ പമ്പയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍ യുഡിഎഫിന് ഇങ്ങനെ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. അങ്ങനെ നടന്നോ എന്ന് 23-ന് തെളിയുമെന്നും കുമ്മനം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന്റെ തുടക്കം മുതൽ ബി.ജെ.പി വിജയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് വന്നതും, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ജയിച്ചുകയറാനായതും, മൂന്ന് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയതുമാണ് തിരുവനന്തപുരത്ത് വാനോളം ജയപ്രതീക്ഷ വച്ച് പുലർത്താൻ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.

17-May-2019