സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷിന്റെ വീടിനുനേരെ കോൺഗ്രസ‌് അതിക്രമം. ചളവറ കയില്യാട‌് മാമ്പറ്റപ്പടിയിലെ മാമ്പറ്റ വീടിനുനേർക്കാണ‌് വെള്ളിയാഴ‌്ച രാത്രി 9.15ഓടെ സംഘടിച്ചെത്തിയ പത്തോളം കോൺഗ്രസ‌് പ്രവർത്തകർ പടക്കംകത്തിച്ചെറിഞ്ഞത‌്. അച്ഛൻ ബാലകൃഷ്ണൻനായരും അമ്മ രമണിയും മാത്രമാണ‌് വീട്ടിലുണ്ടായിരുന്നത‌്.
സ്ഫോടന ശബ്ദംകേട്ട‌് പുറത്തിറങ്ങിയ ഇവർക്കുനേരെ കോൺഗ്രസ‌് പ്രവർത്തകർ അസഭ്യംപറഞ്ഞു. സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയാണ് ആക്രമണത്തിൽനിന്ന‌് ഇവരെ രക്ഷപ്പെടുത്തിയത‌്. കോൺഗ്രസ‌് പ്രാദേശിക നേതാവ് നടുത്തൊടി ബാലചന്ദ്രന്റെ നേതൃത്വത്തിൽ പുൽക്കുഴിത്തൊടി പ്രദീപ‌്, കള്ളിയത്ത‌് സുനിൽകുമാർ, പുളിക്കൽ രാഹുൽ, മാരിയത്തൊടി വിജീഷ‌് എന്നിവരടങ്ങുന്ന സംഘമാണ‌് ആക്രമണം നടത്തിയത്.
വ്യാഴാഴ‌്ചയും വീട്ടിലേക്ക‌് പടക്കമെറിഞ്ഞതായി ബാലകൃഷ്ണൻനായർ പറഞ്ഞു.. പൊട്ടാത്ത മൂന്നു ഗുണ്ട‌്പടക്കം വീട്ടുമുറ്റത്തുനിന്ന‌് കണ്ടെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് കോൺഗ്രസ‌് മനഃപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ഇ വിനോദ് കുമാർ പറഞ്ഞു.