തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ മന്ത്രി സ്ഥാനത്തിനായി അടിപിടി; കുമ്മനവും കണ്ണന്താനവും മുരളീധരനും രംഗത്ത്
അഡ്മിൻ
ലോകസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തൊവിക്കു പിന്നാലെ കേന്ദ്രമന്ത്രിസഭയിൽ കയറിക്കൂടാൻ കേരളത്തിലെ ബിജെപി നേതാക്കൾ തമ്മിൽ അടിപിടി. അൽഫോൺസ് കണ്ണന്താനം, വി മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് കേന്ദ്ര മന്ത്രിസ്ഥാനത്തിനായി രംഗത്തുള്ളത്.
കുമ്മനം രാജശേഖരനെ ഗവർണർസ്ഥാനം രാജിവയ്പ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിച്ചിട്ട് പ്രയോജനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മന്ത്രിസ്ഥാനം നൽകണമെന്നാണ് ആർഎസ്എസ് താൽപ്പര്യം. എന്നാൽ അൽഫോൺസ് കണ്ണന്താനം മന്ത്രിയാകുന്നതിനോടോ മുരളീധരൻ മന്ത്രിയാകുന്നതിനോടോ സംസ്ഥാന ആർ എസ് എസ്സിന് താല്പര്യം ഇല്ല.
കഴിഞ്ഞതവണ ചാനൽവാർത്ത കണ്ടാണ് കണ്ണന്താനം മന്ത്രിയായ വിവരം കേരളത്തിലെ നേതാക്കൾ അറിഞ്ഞത്. അതുപോലെ വി മുരളീധരനെ രാജ്യസഭാ എംപിയാക്കിയതും കേരളത്തിലെ ആർഎസ്എസ്, ബിജെപി നേതാക്കളുടെ അറിവോടെയല്ല.
നിലവില്‍ കേന്ദ്ര മന്ത്രി സ്ഥാനത്തിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് തന്നെയാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അതേസമയം രാജ്യസഭാംഗമായി പ്രവര്‍ത്തിക്കുന്ന വി മുരളീധരനാണ് അപ്രതീക്ഷിതമായി സ്ഥാനം ലഭിക്കാവുന്ന മറ്റൊരാള്‍. കഴിഞ്ഞ തവണ കയ്യെത്തും ദൂരെ നഷ്ടമായ മന്ത്രിസ്ഥാനം സ്വന്തമാക്കാന്‍ മുരളി കൂടി ശ്രമിച്ചാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. എന്നാൽ കേരളത്തിനു മന്ത്രിസ്ഥാനം ലഭിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.