അമിത് ഷാ ആഭ്യന്തരമന്ത്രിയാകും; അദ്വാനിപക്ഷത്തെ പൂർണ്ണമായും വെട്ടിനിരത്തും
അഡ്മിൻ
പുതിയ മന്ത്രി സഭയിൻ അമിത് ഷാ ആഭ്യന്തരമന്ത്രിയാകും. നിലവിൽ ആഭ്യന്തരമന്ത്രിയായ മന്ത്രി രാജ്‌നാഥ് സിങ്ങിന് പ്രതിരോധ വകുപ്പു നൽകിയേക്കും. ആരോഗ്യപ്രശ്നങ്ങളാൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും, അദ്വാനിപക്ഷത്തെ പ്രമുഖ നേതാവുമായ സുഷമാ സ്വരാജും പുതിയ മന്ത്രിസഭയിൽ ഉണ്ടാകില്ല. ഇക്കുറി സുഷമ സ്വരാജിന് മത്സരിക്കാൻ ബിജെപി സീറ്റും നൽകിയിരുന്നില്ല.
ജെയ്റ്റ്‌ലിക്കുപകരം പീയുഷ് ഗോയൽ ധനകാര്യവും സുഷമയ്ക്കു പകരം നിർമലാ സീതാരാമൻ വിദേശകാര്യവും കൈകാര്യംചെയ്യാനാണു സാധ്യത. കഴിഞ്ഞ മന്ത്രിസഭയിൽ നന്നായി പ്രവർത്തിച്ച നിതിൻ ഗഡ്കരി, പ്രകാശ് ജാവഡേക്കർ, ധർമേന്ദ്ര പ്രധാൻ, ജെ.പി. നഡ്ഡ, നരേന്ദ്ര സിങ് തോമർ, രാജ്യവർധൻ റാത്തോഡ്, ജയന്ത് സിൻഹ എന്നിവർ പുതിയ മന്ത്രിസഭയിലും തുടരും. ഇതിൽ സ്വതന്ത്രചുമതല വഹിക്കുന്ന രാജ്യവർധൻ റാത്തോഡ്, ജയന്ത് സിൻഹ എന്നിവരെ കാബിനറ്റ് മന്ത്രിമാരാക്കും. രാഹുൽ ഗാന്ധിയെ അമേഠിയിൽ വീഴ്‌ത്തിയ സ്മൃതി ഇറാനിക്കും പ്രധാന സ്ഥാനം നൽകാൻ സാധ്യതയുണ്ട്. സ്മൃതിയെ സ്പീക്കർ പദവിയിലേക്കു പരിഗണിക്കുന്നതായി സൂചനയുണ്ട്.
തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ പിന്തുണച്ച പുതിയ തട്ടകങ്ങളായ ബംഗാൾ, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കു മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകും. കേരളത്തിൽനിന്ന് അൽഫോൺസ് കണ്ണന്താനം തുടരാനാണു സാധ്യത. ടൂറിസം മന്ത്രിയെന്ന നിലയിലെ പ്രവർത്തനവും ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രാതിനിധ്യം എന്ന ഘടകവും കണ്ണന്താനത്തെ തുണച്ചേക്കും. കേരളത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചാൽ രാജ്യസഭാംഗം വി. മുരളീധരനും സാധ്യതയുണ്ട്. രണ്ടാംനിര നേതാക്കളെ വളർത്തിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി മന്ത്രിസഭയിൽ ബി.ജെ.പി.യിൽനിന്നു കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തും.