കുമ്മനത്തെ തോൽപ്പിക്കാൻ ശ്രീധരൻ പിള്ള വോട്ടുമറിച്ചെന്ന് ആർഎസ‌്എസ‌് ആഭ്യന്തര അന്വേഷണ സമിതി
അഡ്മിൻ
തിരുവനന്തപുരത്ത‌് ബിജെപി സ്ഥാനാർഥിയായി ആർഎസ‌്എസ‌് കൊണ്ടുവന്ന കുമ്മനം രാജശേഖരനെ തോൽപിക്കാൻ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വോട്ടുമറിച്ചെന്ന് ആർഎസ‌്എസ‌്. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് വിവാദ പരാമർശം ഉള്ളത്.
സംസ്ഥാന പ്രസിഡന്റ‌് തിരുവനന്തപുരം സീറ്റിൽ കണ്ണുവച്ചതും അത‌് നടക്കാതെ വന്നപ്പോൾ പത്തനംതിട്ട ആവശ്യപ്പെടുകയായിരുന്നു. ഇരു സീറ്റും നിഷേധിക്കപ്പെട്ടതോടെ പി എസ‌് ശ്രീധരൻപിള്ളയും കൂട്ടരും മെല്ലെപ്പോക്ക‌് സമീപനം സ്വീകരിച്ചതായും, ജയിച്ച‌് കുമ്മനം മന്ത്രിയായാൽ മറ്റു ചിലരുടെ കേന്ദ്ര മന്ത്രിമോഹം പൊലിയുമെന്നുകണ്ട‌് ചിലയിടത്ത‌് ആജ്ഞാനുവർത്തികളെ ഉപയോഗിച്ച‌് വോട്ടുമറിക്കാനുള്ള ശ്രമം ഒരുവിഭാഗം നടത്തിയെന്നാണ‌് റിപ്പോർട്ട‌്.
തോൽക്കാൻ കാരണം അപ്രതീക്ഷിതകേന്ദ്രങ്ങളിലെ അടിയൊഴുക്കാണെന്ന‌് തന്നെയാണ‌് കുമ്മനത്തിന്റെയും വിശ്വാസം. തിരുവനന്തപുരത്ത‌് മറ്റു ജില്ലകളിൽനിന്നുള്ള ആർഎസ്എസുകാർ തമ്പടിച്ചപ്പോൾ ബിജെപി ജില്ലാ നേതൃത്വം നിഷ്ക്രിയമായി. അതിനിടെ, വട്ടിയൂർക്കാവ‌് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ബിജെപി ജില്ലാ പ്രസിഡന്റ‌് എസ‌് സുരേഷിന്റെ നേതൃത്വത്തിൽ പുതിയൊരു ഗ്രൂപ്പും തലസ്ഥാനത്ത‌് ഉദയംചെയ്‌തിട്ടുണ്ട‌്.