കെ.എം മാണിക്ക് ആദരമർപ്പിച്ച് നിയമ സഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം.
തിരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡ് ഇനി തകർക്കാൻ സാധിക്കുമോയെന്ന് സംശയമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
അതേസമയം കേരളാ കോൺഗ്രസിൽ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തർക്കം രൂക്ഷമായി. മാണിയുടെ അഭാവത്തിൽ മുൻനിരയിലെ ഇരിപ്പിടം ഉപനേതാവായ പി ജെ ജോസഫിന് നൽകണമെന്ന് പാർലമെന്‍ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. കത്ത് തള്ളിക്കൊണ്ട് പാർട്ടി വിപ്പെന്ന നിലയിൽ റോഷി അഗസ്റ്റിൻ എംഎൽഎയും സ്പീക്കർക്ക് കത്ത് നൽകി.
എന്നാൽ നിലവിലെ ഉപനേതാവ് എന്ന നിലയിൽ മുൻ നിരയിലെ സീറ്റ് ജോസഫിന് നൽകുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം പി.ജെ ജോസഫാണ് കെ.എം മാണിയുടെ സീറ്റിൽ ഇരിക്കുന്നത്.
കെ മുരളീധരൻ, അടൂർ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡൻ എന്നീ നാലു എംഎൽഎമാർ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എംഎൽഎ സ്ഥാനം രാജിവെക്കാൻ ഇവർക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്. സമ്മേളനത്തിന്‍റെ ആദ്യ ദിനങ്ങളിൽ നാലുപേരും സഭയിലെത്തുന്നുണ്ട്.