ദേശീയപാതാ വികസനത്തിൽ കേരളം മുൻഗണനാ പട്ടികയിൽ ഇല്ല; കണ്ണന്താനവും ബിജെപിയും വീണ്ടും കേരളത്തെ വഞ്ചിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ ശ്രീധരൻ പിള്ളയുടെ കത്തിനെ തുടർന്ന് കേരളത്തിന്റെ ദേശീയപാതാ വികസനത്തെ മുൻഗണന പട്ടികയിൽ നിന്നും നീക്കിയ നടപടി ഇതുവരെയും കേന്ദ്ര സർക്കാർ പുനഃപരിശോധിച്ചിച്ചിട്ടില്ല. ഇപ്പോഴും കേരളം പരിഗണന കുറഞ്ഞ ഹൈ ടു പട്ടികയിൽ തന്നെയാണ് ഉള്ളത്.

നേരത്തെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇടപെട്ട് കേരളത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കാസർകോട് മുതൽ പാറശ്ശാല വരെയുള്ള ദേശീയപാതയുടെ വികസനം മുൻഗണനാ പട്ടികയിൽ ഒന്നാമതായി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടു കണ്ണന്താനം കത്തയച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ദേശീയപാതാ വികസന പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുൻഗണന വിജ്ഞാപനം നിതിൻ ഗഡ്കരി റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ശരിയല്ല എന്നാണു ഏറ്റവും പുതിയ വിവരം.

ദേശീയ പാതക്കുള്ള സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലെറ്റര്‍ പാഡിലാണ് കത്തെഴുതിയിരിക്കുന്നത്. 2018 സെപ്തംബര്‍ 14 ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി.

27-May-2019