തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ കൂട്ടയടി; ശ്രീധരൻ പിള്ളയെ മാറ്റാതെ മുന്നോട്ടു പോകാനാകില്ല എന്ന് ആർ എസ് എസും

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻ പിള്ളയെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താൻ ചേർന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം ആലപ്പുഴയിൽ പുരോഗമിക്കുന്നു.കെ സുരേന്ദ്രൻ, കൃഷ്ണദാസ് എന്നിവരുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് കേൾക്കുന്നത്. ഇതിൽ കൃഷ്ണദാസിനെ അധ്യക്ഷൻ ആക്കുന്നതിനോടാണ് ആർ എസ് എസ്സിന് താല്പര്യം.

രാജ്യമൊട്ടുക്കും നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്നത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടായിയാണ് പ്രവർത്തകർ കാണുന്നത്. ശ്രീധരൻപിള്ളയെ സംസ്ഥാന അദ്ധ്യക്ഷനാക്കിയപ്പോൾ പ്രതീക്ഷിച്ച ജാതിവോട്ടുകൾ കൂടെപോന്നില്ലെന്നതും പാർട്ടി പരിശോധിക്കും. കൂടാതെ സ്ഥാനാർത്ഥി നിർണയവേളയിൽ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ സീറ്റിനായി ഓടിയത് പ്രതികൂലമായി ബാധിച്ചുവെന്നാണ് പാർട്ടിയിലെ പ്രധാനവിമർശനം.

തിരുവനന്തപുരത്ത് ബി.ജെ.പി- ആർ.എസ്.എസ് ശക്തി കേന്ദ്രമായ വട്ടിയൂർക്കാവിൽ പോലും ഫലം വന്നപ്പോൾ പിന്നിലായി. ഒരു ലക്ഷത്തിലധികം വോട്ടിനാണ് കുമ്മനം പരാജയപ്പെട്ടത്. പത്തനംതിട്ടയിൽ മൂന്നുലക്ഷത്തിനടുത്ത് വോട്ടുപിടിച്ചെങ്കിലും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തൃശൂരിൽ സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് വോട്ടുനില ഉയർന്നുമില്ല.

28-May-2019