നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ മോദിക്കൊപ്പം 60 മന്ത്രിമാരാണ‌് സത്യപ്രതിജ്ഞ ചെയ്യുക. രാജ്നാഥ് സിംഗ്, നിതിൻഗഡ്കരി, പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, സ്‌മൃതി ഇറാനി, നിർമ്മല സീതാരാമൻ, നരേന്ദ്രസിംഗ് തോമർ, അർജുൻ മേഘ്‌വാൾ തുടങ്ങി ഒന്നാം മോദി സർക്കാരിലെ പ്രമുഖരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ഉണ്ടാകും.
8,000ത്തോളം അതിഥികൾ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ചടങ്ങാകും.
കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം, വി.മുരളീധരൻ എം.പി, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവരെയാണ് മന്ത്രിസഭയിലേക്ക് പറഞ്ഞു കേൾക്കുന്നത്. കണ്ണന്താനം കേന്ദ്രടൂറിസം മന്ത്രിയായി തുടരുമെന്ന് റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് വിളിച്ചതനുസരിച്ച് കുമ്മനം ഇന്ന് രാവിലത്തെ വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
അമിത് ഷാ മന്ത്രിയാകില്ല എന്നാണ് ഇന്നലെ രാത്രി വൈകി ലഭിച്ച സൂചനകൾ. ഇന്നലെ പകലും രാത്രിയും മോദിയും അമിത് ഷായും മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ മുഴുകിയിരുന്നു. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇന്നലെ അമിത് ഷാ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത് ഷാ പാർട്ടി അദ്ധ്യക്ഷനായി തുടരണമെന്ന അഭിപ്രായം ശക്തമാണ്.