373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ല; മറുപടി ഇല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
അഡ്മിൻ
373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്ന് ‘ദി ക്വിന്റ്’ റിപ്പോർട്ട്. ഈ മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും രണ്ടാണ് എന്നാണു ‘ദി ക്വിന്റ്’ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകളും ‘ദി ക്വിന്റ്’ പുറത്തുവിട്ടൂ.
തമിഴ്നാട്ടിലെ കാഞ്ചീപുരം ലോകസഭാ മണ്ഡലത്തിൽ 12,14,086 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ മണ്ഡലത്തിൽ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. അതായത് 18,331 കൂടുതലായി എണ്ണിയിരിക്കുന്നു. ഈ അധികം വന്ന വോട്ടുകൾ എങ്ങനെ വന്നു എന്ന് വിശദീകരിക്കാൻ ഇതുവരെയും തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല. ഇത് ഒരു മണ്ഡലത്തിലെ മാത്രം അവസ്ഥയല്ല എന്നും ‘ദി ക്വിന്റ്’ പറയുന്നു.
തമിഴ്നാട്ടിലെ തന്നെ ധർമപുരി മണ്ഡലത്തിൽ 11,94,440 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. എണ്ണിയ വോട്ടുകളുടെ എണ്ണം 12,12,311. അവിടെയും 17,871 വോട്ടുകൾ കൂടുതലായി എണ്ണിയിട്ടുണ്ട്. അതുപോലെ ഉത്തർപ്രദേശിലെ മഥുര ലോകസഭാ മണ്ഡലത്തിൽ 1088206 വോട്ടുകള്‍ പോൾ ചെയ്തെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക്. എന്നാൽ എണ്ണിയ വോട്ടുകളുടെ എണ്ണം 1098112 ആണ്. അവിടെ 9906 വോട്ടുകൾ കൂടുതലായി എണ്ണി. ബിഹാറിലെ ഔറംഗബാദ് മണ്ഡലത്തിലെ കണക്കുകൾ ഇപ്രകാരമാണ്. അവിടെ ആകെ പോൾ ചെയ്ത വോട്ടുകൾ – 930758 എണ്ണമാണ്. എന്നാൽ എണ്ണിയ വോട്ടുകൾ – 939526. കൂടുതല്‍ വന്ന വോട്ടുകള്‍ – 8768.
ആദ്യ നാല് കഘട്ടങ്ങളിലെ കണക്കുകൾ മാത്രമാണ് ദി ക്വിന്റ് പഠിച്ചത് അതിൽ നിന്നുമാണ് ഏകദേശം 373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ല എന്ന് കണ്ടെത്തിയത്. റിപ്പോർട്ട് പുറത്തു വന്നതോടെ വിവരങ്ങളടങ്ങിയ ഭാഗങ്ങൾ വെബ്സൈറ്റിൽ നിന്നും തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കം ചെയ്യുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഡാറ്റ നീക്കം ചെയ്തതെന്ന ചോദ്യത്തിനും കമ്മീഷനിൽ നിന്നും മറുപടി ലഭിക്കുകയുണ്ടായില്ല. ഇത് ദുരൂഹത വർദ്ദിപ്പിക്കുന്നു.