ഇതാണ് ബിജെപിക്കാർ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്ന സാരംഗിയുടെ യഥാർഥ മുഖം
അഡ്മിൻ
മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ബിജെപി-ആർ എസ് എസ് പ്രവർത്തകർ ലളിതജീവിതത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടുന്ന കേന്ദ്ര സഹമന്ത്രി പ്രതാപ‌് ചന്ദ്ര സാരംഗി കലാപങ്ങളടക്കം പത്തിലധികം കേസിലെ പ്രതി. മാത്രമല്ല ഓസ‌്ട്രേലിയൻ മതപ്രചാരകൻ ഗ്രഹാം സ‌്റ്റെയിൻസിനെയും പത്തും ആറും വയസ്സുള്ള മക്കളെയും മതപരിവർത്തനം നടത്തിയെന്നാരോപിച്ച‌് ബജ‌്‌രംഗ‌്ദൾ പ്രവർത്തകരുൾപ്പെടെയുള്ളവർ ചുട്ടുകൊന്ന സമയത്തു സാരംഗിയായിരുന്നു ഒഡിഷയിലെ ബജ‌്‌രംഗ‌്ദൾ സംസ്ഥാന അധ്യക്ഷൻ. അന്ന‌് ബജ‌്‌രംഗ‌്ദളിന്റെ പങ്ക‌് അന്വേഷിക്കേണ്ട എന്ന‌് കേസ‌് അന്വേഷിച്ച കേന്ദ്ര ഏജൻസി തീരുമാനിച്ചതാണ‌് സാരംഗി ഉൾപ്പടെയുള്ളവർക്കു രക്ഷയായത‌്.
1999ലാണ‌് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബജ‌്‌രംഗ‌്ദൾ സംസ്ഥാന നേതൃത്വത്തിന‌് പങ്കുണ്ടെന്നും ആരോപണമുയർന്നിരുന്നു. പ്രധാനപ്രതിയും ബജ‌്‌രംഗ‌്ദൾ പ്രവർത്തകനുമായ ദാരാ സിങ്ങിനെയും സഹായി മഹേന്ദ്ര ഹെംബ്രമിനെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു. കൊലപാതകവുമായി ബന്ധമില്ലെന്ന‌് സാരംഗി കേസിന്റെ വാദത്തിനിടെ അറിയിച്ചു. ഇതിനെ എതിർത്ത‌് ചോദ്യങ്ങൾ ഉന്നയിക്കാൻപോലും അന്ന‌് പ്രോസിക്യൂഷൻ തയ്യാറായില്ല. ക്രൈസ്തവ മതപ്രചാരകർക്കെതിരെ സാരംഗിയുടെ നേതൃത്വത്തിൽ ബജ‌്‌രംഗ‌്ദളും ആർഎസ‌്എസും ഒഡിഷയിൽ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ക്രൂരമുഖമാണ‌് ഗ്രഹാം സ‌്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്നതിലൂടെ കണ്ടത‌്.
2002ൽ ബജ‌്‌രംഗ‌്ദൾ അധ്യക്ഷനായിരിക്കെ ഒഡിഷ നിയമസഭ ആക്രമിച്ചതിന‌് സാരംഗിയെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. അയോധ്യ ഭൂമി രാമക്ഷേത്ര നിർമാണത്തിന‌് വിട്ടു നൽകണം എന്ന‌് ആവശ്യപ്പെട്ട‌് ബജ‌്‌രംഗ‌്ദൾ, വിഎച്ച‌്പി, ദുർഗാവാഹിനി പ്രവർത്തകർ ആയുധങ്ങളുമായായിരുന്നു ആക്രമണം. തനിക്കെതിരെ പത്തു ക്രിമിനൽ കേസ‌് നിലവിലുണ്ടെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷനിൽ നൽകിയ സത്യവാങ‌്മൂലത്തിൽ സാരംഗി തന്നെ വ്യക്തമാക്കി. ഇതും ബോധപൂർവം മറക്കുകയാണ‌് മാധ്യമങ്ങൾ. കലാപം, വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കൽ, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങിയ കേസുകളാണ‌് സാരംഗിക്കെതിരെയുള്ളത‌്.