ഉത്തര്‍പ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ല

ഉത്തർ പ്രദേശിൽ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാൻ പോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ല. തുണ്ട്‌ല, ഗോവിന്ദ് നഗര്‍, കാന്‍പൂര്‍, പ്രതാപ്ഗഡ്, ചിത്രകൂട്, ഹാത്ര, രാംപൂര്‍, ജല്‍പൂര്‍ തുടങ്ങിയ പതിനൊന്ന് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞടുപ്പ്. ഇതില്‍ 8 സീറ്റുകളില്‍ ബിജെപി വിജയിച്ച മണ്ഡലങ്ങളാണ്. ഒരിടത്ത് ബിഎസ്പിക്കും രണ്ടിടത്ത് എസ്പിക്കുമാണ് വിജയം

നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിർത്തരുത് എന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്തി ശേഷം മാത്രം മത്സരിച്ചാൽ മതി എന്നാണു ഇവരുടെ ആവശ്യം. ഇതും കൂടെ പരിഗണിച്ചുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം എന്നാണു അറിയുന്നത്.

403 മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഉളളത്. അവിടെ എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ഒരു ദിവസം കൊണ്ട് കഴിയില്ല. പതിമൂന്ന് മാസത്തിനുള്ളില്‍ സംഘടനയെ ശക്തിപ്പെടുത്തും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുമെന്നും ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബാബ്ബര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി കൂട്ടായി പ്രവര്‍ത്തിച്ചാല്‍ തിരുച്ചുവരവ് അസാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

01-Jun-2019