രാജ്യം മുഴുവൻ ഗോവധനിരോധനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

രാജ്യം മുഴുവൻ ഗോവധനിരോധനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ന്യുസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയുടെ വിവാദ പ്രസ്താവന.

നമ്മള്‍ക്ക് അമ്മയുമായാണ് ഏറ്റവും അടുത്ത ബന്ധമുള്ളത്. ജനിച്ചശേഷം ഒരു കുട്ടി ആദ്യം പറയുന്നത് ‘മാ’ എന്നാണ്. ‘ഗോമാതാ’ വിന്റെ ശബ്ദവും ‘മാ’യുമായി സാദ്യശ്യമുള്ളതാണ്. ഇന്ന് രാജ്യത്ത് ഗോസംരക്ഷണത്തിന് നിയമമില്ല. എല്ലാം സംസ്ഥാനങ്ങളിലും അവരവരുടെ നിയമങ്ങളാണുള്ളത്. ഗോവധത്തിനെതിരായ നിയമം കൊണ്ടു വരുന്നതിന് ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് കാരണം പല സംസ്ഥാനങ്ങളിലും നിയമം പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യം മുഴുവന്‍ ബാധകമാവുന്ന തരത്തില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരാന്‍ താൻ ശ്രമിയ്ക്കുമെന്നും കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

കൂടാതെ ഓസ്‌ട്രേലിയന്‍ മതപ്രചാരകന്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുടുംബത്തിന്റെയും കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പ്രതാപ് ചന്ദ്ര സാരംഗി മറുപടി പറഞ്ഞു. ഒരു പണിയുമില്ലാത്തവരാണ് എന്നെ കുറിച്ച് സംസാരിക്കുന്നത്. അവര്‍ നായയുടെ വളഞ്ഞ വാല്‍ നേരെയാക്കാന്‍ ശ്രമിക്കുകയാണ്. ഗ്രഹാംസ്റ്റെയ്ന്‍സിന്റെ വധത്തില്‍ ബജ്‌റംഗദളിന് ഒരു ബന്ധവുമില്ല. കോടതിയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

01-Jun-2019