അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാൻ എ.ഐ.സി.സി അനുമതി നല്‍കി; അബ്ദുള്ളകുട്ടി ബിജെപിയിലേക്ക്?

ലോകസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ എ.ഐ.സി.സി അനുമതി നല്‍കി. ഇതനുസരിച്ചു അബ്ദുള്ളക്കുട്ടിയെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം കെ.പി.സി.സി തന്നെ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും.

‘മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.’- എന്നാണു അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്.

കോൺഗ്രസിൽ നിന്നും പുറത്താക്കിയാൽ അബ്ദുള്ളകുട്ടി ബിജെപിയിൽ ചേരും എന്ന് ഇതിനോടകം തന്നെ വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു അദ്ദേഹം ചില ബിജെപി നേതാക്കളുമായി സംസാരിച്ചതായും സൂചനയുണ്ട്.

അതിനിടെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു തന്നോടു വ്യക്തിവിരോധമാണെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ നേതൃത്വത്തിന് ബിജെപി പേടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ സീറ്റു വാങ്ങിയവരുണ്ട്. ഒരാള്‍ ജയിച്ചത് നേതൃത്വത്തെ ബിജെപിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയാണെന്നും തുറന്നുപറയാന്‍ ഒരുപാടുണ്ടെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

02-Jun-2019