എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ ഫലം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് പരിശോധനകള്‍ നടക്കുന്നത്.
അതിനിടെ എറണാകുളത്ത് നിപ രോഗബാധ സ്ഥിരീകരിച്ചു എന്ന പ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി.