സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ: പ്രതികളെല്ലാം കോൺഗ്രസ് പ്രവർത്തകർ
അഡ്മിൻ
ഇടുക്കിയിൽ തെരഞ്ഞെടുപ്പ‌് ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ‌് പ്രവർത്തകരുടെ മർദനമേറ്റ‌് സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. കോൺഗ്രസ‌് പ്രവർത്തകനായ കുക്കലാർ കോളനി സ്വദേശി അരുൾ ഗാന്ധിയെയാണ‌് ഉടുമ്പൻചോല പൊലീസ‌് അറസ്റ്റ‌് ചെയ‌്തത‌്. ഇയാളെ കൂടാതെ കൊലയാളിസംഘത്തിൽ അരുൾഗാന്ധിയുടെ മകൻ ചിമ്പു, കോൺഗ്രസ‌് പ്രവർത്തകനായ ക്ലാമറ്റത്തിൽ സിബി എന്നിവരും ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട ശെൽവരാജിന്റെ മക്കൾ പൊലീസിൽ മൊഴി നൽകി. പ്രതികളെ ഉടൻ പിടികൂടുമെന്ന‌് പൊലീസ‌് പറഞ്ഞു.
യുഡിഎഫ‌് വിജയാഹ്ലാദ പ്രകടനം ഉടുമ്പൻചോലയിൽ അവസാനിച്ച‌് ചെറുസംഘങ്ങളായി പിരിഞ്ഞുപോകുമ്പോഴാണ‌് ശെൽവരാജിനെ മൂന്നുപേരുംകൂടി ആക്രമിച്ചത‌്. മെയ‌് 23ന‌് വൈകിട്ട‌് 5.30നായിരുന്നു ആക്രമണം. ടൈലും വടിയുംകൊണ്ട‌് തലയ‌്ക്കടിച്ച‌് വീഴ‌്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശെൽവരാജിനെ പ്രതികൾതന്നെ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി. തലകറങ്ങിവീണ് ബോധരഹിതനായെന്ന‌് വരുത്തി കേസ‌് വഴി തിരിച്ചുവിടാനായിരുന്നു നീക്കം.
ശെൽവരാജ‌് തലകുത്തിവീണ‌് പരിക്കേറ്റെന്ന‌് പ്രതികൾ തന്നെ ബന്ധുക്കളെ അറിയിച്ചു. തുടർന്ന‌് ബന്ധുക്കളെയും കൂട്ടി പ്രതികൾ ശെൽവരാജിനെ കല്ലാർ മെഡിക്കൽ ട്രസ‌്റ്റ‌് ആശുപത്രിയിൽ കൊണ്ടുപോയി. പരിക്ക‌് ഗുരുതരമാണെന്ന‌് കണ്ട‌് പ്രതികൾ അവിടെനിന്നും മുങ്ങി. ഗുരുതരവസ്ഥയിലായ ശെൽവരാജിനെ ബന്ധുക്കൾ തമിഴ‌്നാട‌് തേനി ആശുപത്രിയിലേക്കും അവിടെനിന്നും മധുര മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.