നിപ: പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം ഇന്ന് ലഭിക്കും
അഡ്മിൻ
പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപയാണോ എന്ന് സ്ഥിരീകരിക്കുന്ന പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ രക്ത സാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. പരിശോധനഫലം എന്ത് തന്നെ ആയാലും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി നടത്തണമെന്നാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം.
ബംഗളൂരുവിലെ സ്വകാര്യ ലബോറട്ടറിയിലെ സാമ്പിൾ പരിശോധനയ്ക്ക് പുറമെ ഇന്നലെ രാവിലെ ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും നിപയാണെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. എങ്കിലും വൈറസ് സംശയമുള്ള സാഹചര്യത്തിൽ നിപ ആണെന്ന നിഗമനത്തിൽത്തന്നെ സാഹചര്യത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൊച്ചിയിൽ അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവർഷം കോഴിക്കോട്ട് നിപക്കാലത്തെ നേരിട്ട ഡോക്ടർമാരുൾപ്പെട്ട സംഘം കൊച്ചിയിലെത്തി. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ഇവർ പരിശീലനം നൽകി.