നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമെന്നു സർക്കാർ. ബുധനാഴ്ച രാവിലെ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് സ്ഥിതിഗതികൾ വിലയിരുത്തി നിപ നിയന്ത്രണ വിധേയമാണ് എന്ന് വിലയിരുത്തിയത്. കൂടാതെ രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനില്‍ വ്യക്തമാക്കി.
നിപ സംശയിക്കുന്ന ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് എന്നും സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം നിപ രോഗിയുമായ സമ്പര്‍ക്കം പുലര്‍ത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തു. ഇതോടെ മൊത്തം പട്ടിക 314 ആയി.
ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇത് സംബന്ധിച്ച് പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നെത്തിയ ഉന്നതസംഘം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതിനും ക്ലിനിക്കല്‍ സര്‍വൈലന്‍സ് തുടരുന്നതിനും ഉന്നതസംഘം നിര്‍ദ്ദേശം നല്‍കി.