ചികിത്സ കിട്ടാതെ എച്ച് 1 എൻ 1 രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിനും സ്വകാര്യ ആശുപത്രികളായ കാരിത്താസിനും, മാതാ ആശുപത്രിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. മരിച്ച തോമസിന്റെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.
ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രിയിലും എത്തിച്ച തോമസിനെ തിരിഞ്ഞു നോക്കാന്‍ ഡോക്ടര്‍മാര്‍ ആരും തയ്യാറായില്ല. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയുടെ രണ്ട് മണിക്കൂറിനൊടുവില്‍ തോമസ് ആംബുലന്‍സില്‍ മരിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ചികിത്സാ നിഷേധത്തിന് ഐപിസി 304ാം വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഡിവൈഎസ്പിക്കായിരിക്കും അന്വേഷണ ചുമതല. രോഗിക്ക് ചികിത്സ നിഷേധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
അതേസമയം തോമസിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് കാരിത്താസ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിയിലെ എമര്‍ജന്‍സി ടീം രോഗിയെ ആംബുലന്‍സില്‍ പരിശോധിച്ചിരുന്നു. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് ബന്ധുകള്‍ക്ക് ബോധ്യപ്പെട്ടതോടെയാണ് മറ്റു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.