തോൽവിക്ക് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടി

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിൽ നേതാക്കളുടെ തമ്മിലടി. കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൻ വൈഭവ് ഗെലോട്ടിന്റെ തിരഞ്ഞെടുപ്പ് തോൽവിയുടെ സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് അശോക് ഗെലോട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസിലെ തമ്മിലടി പരസ്യമായത്.

തോൽവിയുടെ ഉത്തരവാദിത്തമേറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്‌ക്കണമെന്നാണ് സച്ചിൻ പൈലറ്റിനോട് ആഭിമുഖ്യം പുലർത്തുന്ന നേതാക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. മാത്രമല്ല അശോക് ഗെലോട്ടിന് ജനപിന്തുണ നഷ്‌ടപ്പെട്ടുവെന്നും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നും ഇവർ ആവശ്യം ഉന്നയിക്കുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തീരുമാനിച്ചു. ബൂത്ത് തലം മുതല്‍ സര്‍വേ നടത്തി തോല്‍വിയുടെ കാരണം പഠിക്കാനാണ് സച്ചിന്‍ പൈലറ്റ് നിര്‍ദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പായി ഒരു റോഡ് മാപ്പ് ഉണ്ടക്കണമെന്ന നിര്‍ദേശവും പൈലറ്റ് മുന്നോട്ട് വെച്ചു.

06-Jun-2019