സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റെ പ്രവചനം. ലങ്കന്‍ തീരം വിട്ട കാലവര്‍ഷം കേരള തീരത്തോട് അടുക്കുകയാണ്. 24 മുതല്‍ 48 മണിക്കൂറിനകം സംസ്ഥാനത്ത് ശക്തമായ മഴ തുടങ്ങുമെന്നും സ്‌കൈ മെറ്റ് പ്രവചിക്കുന്നു.

എന്നാൽ സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ എട്ടിന് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ വൈകുകയായിരുന്നു. കേരളത്തിനൊപ്പം കര്‍ണാടക ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനൊപ്പം രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും 48 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ എത്തും. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, എല്‍നിനോ തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ ദുര്‍ബലമായേക്കാമെന്നും സ്‌കൈമെറ്റ് പ്രവചിക്കുന്നു.

06-Jun-2019