ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വട്ടിയൂർക്കാവിൽ ഭാഗ്യം പരീക്ഷിക്കാന്‍ ബിജെപി നേതാവ് കുമ്മനംരാജശേഖരന്‍ വീണ്ടും രംഗത്ത്. കെ മുരളീധരന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വട്ടിയൂര്‍കാവില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് കുമ്മനം രാജശേഖരൻ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത് എന്നാണു റിപ്പോർട്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച കെ മുരളീധരന് തൊട്ടു പിന്നിലെത്താന്‍ കുമ്മനത്തിന് കഴിഞ്ഞിരുന്നു. വെറും 7622 വോട്ടിനാണ് അന്ന് മുരളീധരന്‍ കുമ്മനത്തെ വീഴ്ത്തിയത്. ഇതുകൊണ്ടാണ് കുമ്മനത്തെ വീണ്ടും മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നത്. കുമ്മനം പിന്മാറിയാൽ കെ സുരേന്ദ്രനെയോ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെയോ പരിഗണിച്ചേക്കുമെന്നും കേള്‍ക്കുന്നുണ്ട്. ഇതിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്.
എന്നാൽ സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് കരുത്തരായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കുമെന്നാണ് ലഭിക്കുന്ന വിവരം. പത്മജാ വേണുഗോപാലിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ മോഹന്‍കുമാര്‍ എന്നിവര്‍ക്ക് പുറമേ പി സി വിഷ്ണുനാഥിന്റെയും പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്.