കേരള കോണ്‍ഗ്രസ് എമ്മിലെ തർക്കത്തിൽ സമവായ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ജോസ് കെ. മാണി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും ഒപ്പുവെച്ച കത്താണ് നല്‍കിയിരിക്കുന്നത്.
നേരത്തെ സംഘടനാ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു കത്ത് നല്‍കിയിരുന്നു. വര്‍ക്കിങ് ചെയര്മാന് എന്ന നിലയില്‍ പി. ജെ. ജോസഫിന് ചെയര്‍മാന്റെ അധികാരങ്ങളുണ്ടെന്ന് ആ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോസഫ് വിഭാഗത്തിന്റെ ഈ നീക്കം.
എന്നാൽ ജോയ് എബ്രഹാമിന് പ്രത്യേക അധികാരങ്ങളില്ലെന്നും പാര്‍ട്ടിയുടെ 25 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമാണ് ജോയ് എബ്രഹാം എന്നും ഇപ്പോള്‍ നല്കിയ കത്തില്‍ പറയുന്നുണ്ട്. കൂടാതെ നിലവിൽ വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിന് ചെയർമാനായി പ്രവർത്തിക്കാൻ അധികാരമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.