കാലവർഷം ഇന്നെത്തും; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അഡ്മിൻ
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശനിയാഴ്ചയോടെ എത്തുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ മധ്യപടിഞ്ഞാറൻ ഭാഗത്തായി ഞായറാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദവും തെക്കുപടിഞ്ഞാറൻ മൺസൂണിന് അനുകൂലമാണ്. കേരള-കർണാടക തീരക്കടലിൽ തീരത്തുനിന്നകന്ന് വടക്കു പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദം നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതു വടക്കൻ സംസ്ഥാനങ്ങളിലേക്കു കാലവർഷത്തെ നയിക്കുമെന്നാണ് കരുതുന്നത്.
ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 9, 10, 11 തീയതികളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നുണ്ട്. സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാന്നാര്‍ കടലിടുക്കിലും ഈ ദിവസങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.