ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ച പാലാരിവട്ടം മേൽപാലം മാറ്റിപ്പണിയണം: ഇ.ശ്രീധരൻ
അഡ്മിൻ
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിർമ്മിച്ച പാലാരിവട്ടം മേൽപാലം മാറ്റിപ്പണിയണമെന്നു ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും, 100 വർഷത്തിനു മീതെ ആയുസ് വേണ്ട പാലങ്ങൾ പൊടിക്കൈകൾ കൊണ്ടു നിലനിറുത്തുന്നതു ശരിയല്ലെന്നും അദ്ദേഹം പ്രമുഖ മാദ്ധ്യമത്തോടു പറഞ്ഞു.
മാത്രമല്ല പാലത്തിന്റെ ഡിസൈൻ തന്നെ തെറ്റാണെന്നും, ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.ദേശീയ പാതയിലെ പാലങ്ങളില്‍ സംസ്ഥാനം ഏറ്റെടുത്ത് ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. ദേശീയ പാത അതോറിറ്റിക്ക് സംവിധാനങ്ങളുണ്ട്. കരാറുകള്‍ നല്‍കാന്‍ വേണ്ടി മാത്രം മേല്‍പ്പാലം പോലുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്.