അറബികടലില്‍ തീവ്രന്യൂനമര്‍ദം; ചുഴലിക്കാറ്റായി മാറിയേക്കാം

അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറിയേക്കാമെന്നു കാലാവസ്ഥാവിഭാഗം. ‘വായു’ എന്ന് പേരുനൽകിയ ചുഴലിക്കാറ്റ് വടക്ക് -വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ സംസ്ഥാനത്തെ കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞേക്കും.


വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നതെങ്കിലും കാറ്റിന്റെ സഞ്ചാരപഥം ഇനിയും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടല്‍, കേരള-കര്‍ണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. 11ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍വരെയാകും. 12ന് 90 കിലോമീറ്ററും 13ന് 100 മുതല്‍ 110 കിലോമീറ്റര്‍വരെയും വേഗമാര്‍ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.

തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ മല്‍ത്തൊഴിലാളികള്‍ കടലില് പോകരുതെന്ന നിര്‍ദേശവും നിവലുണ്ട്.

10-Jun-2019