സംസ്ഥാനത്തു ട്രോളിങ് നിരോധനം തുടങ്ങി; തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും മാസം 4500 രൂപയും

ട്രോളിങ് നിരോധനം തുടങ്ങിയതോടെ സംസ്ഥാനത്ത‌് രജിസ്റ്റർചെയ‌്ത യന്ത്രവൽക്കൃത ബോട്ടുകൾ തീരമണഞ്ഞു. ഇതരസംസ്ഥാന ബോട്ടുകൾ സംസ്ഥാനതീരം വിട്ടു. ഫിഷറീസ‌്, മറൈൻ എൻഫോഴ‌്സ‌്മെന്റ‌് നേതൃത്വത്തിൽ കടലിലും ഹാർബറുകളിലും പരിശോധന ആരംഭിച്ചു. അടുത്തമാസം 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം.


മത്സ്യത്തൊഴിലാളികൾക്കുള്ള ട്രോളിങ‌് കാലയളവിലുള്ള ആനുകൂല്യ വിതരണത്തിനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട‌്. സമ്പാദ്യ സമാശ്വാസപദ്ധതിയിൽ രജിസ്റ്റർചെയ‌്ത മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സമാശ്വാസധനം നൽകും. മാസം 4500 രൂപവീതമാണ‌് നൽകുക. 1.86 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക‌് സമാശ്വാസധനം നൽകും. കൂടാതെ തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിങ‌് നിരോധനകാലത്ത‌് ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച ഒരുബോട്ടും യന്ത്രവൽക്കൃത തോണിയും മുഴുവൻ സമയവും കടലിൽ ഉണ്ടാകും. കൂടാതെ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളികൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും.

അപകടത്തിൽപ്പെട്ടാൽ കോസ്റ്റൽ പൊലീസ് - (ടോൾ ഫ്രീ നമ്പർ) 1093, കോസ്റ്റ്ഗാർഡ് - (ടോൾ ഫ്രീനമ്പർ) 1554, നേവി (0484-2872353/5457), ഫിഷറീസ് കൺട്രോൾറൂം/മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഴിഞ്ഞം (0471-2480335, 9447141189) എന്നിവരെ അറിയിക്കണം.

10-Jun-2019