രാജ്യത്തെ നടുക്കിയ കത്വവ കൊലപാതകക്കേസിൽ ആറു പേരെ ശിക്ഷിച്ചു

രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ കത്വവ കൊലപാതകത്തില്‍ കോടതി വിധി പ്രഖ്യാപിച്ചു. ഗ്രാമത്തിലെ പൗര മുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാം, സജ്ഞി റാമിന്റെ ബന്ധു ആനന്ദ് ദത്ത, പോലീസുകാരായ ദീപക് കജൂരിയ, സുരേന്ദർ വർമ്മ, തിലക് രാജ്, പര്‍വേഷ് കുമാര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് വിധി പ്രഖ്യാപിച്ചത്. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ് സാധ്യത. 

നാടോടി സമുദായമായ ബക്കര്‍വാള്‍ വിഭാഗത്തില്‍പ്പെട്ട എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും മൃഗിയമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗര മുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് കേസിലെ മുഖ്യ സൂത്രധാരന്‍.

ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ബലാത്സംഘം നടന്നത്. സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവരും കൃത്യങ്ങളില്‍ നേരിട്ട് പങ്കാളികളായിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസില്‍ ആദ്യം അന്വേഷണം നടത്തിയ എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.

സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്നതിനായി ബിജെപിയുടെ ജനപ്രതിനിധികളടക്കം രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.പ്രതികളെ രക്ഷിക്കാന്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി നേതാക്കളായ ലാല്‍ സിങ്ങിന്റെയും ചന്ദര്‍പ്രകാശ് ഗംഗയുടെയും നേതൃത്വത്തില്‍ ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു.

10-Jun-2019