ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും വീഴ്ച; പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ സർവത്ര അഴിമതി

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ കാലത്തു നിർമ്മിച്ച പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ സർവത്ര അഴിമതിയെന്ന് സര്‍ക്കാര്‍. ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും ഭരണതലത്തിലും തുടങ്ങി സർവ മേഖലയിലും അഴിമതി നടന്നതായി സർക്കാർ നിയമസഭയെ അറിയിച്ചു. കൂടാതെ പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ പാളിച്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്നും മന്ത്രി ജി.സുധാകരന്‍ സഭയെ അറിയിച്ചു.

കണ്‍സള്‍ട്ടന്‍സി കരാറെടുത്ത കിറ്റ്കോ ഒരു ജോലിയും ചെയ്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഡിസൈനിലും നിര്‍മാണത്തിലും മേല്‍നോട്ടത്തിലും ഭരണതലത്തിലും വീഴ്ചയുണ്ടായി. ഇത് തികഞ്ഞ അഴിമതിയാണ്. കഴിഞ്ഞ കാലത്ത് കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലം നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണ സംഘം സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലം നിര്‍മ്മാണത്തില്‍ സിമന്റ്, കമ്പി തുടങ്ങി നിര്‍മ്മാണ സാമഗ്രികളില്‍ വന്‍ തട്ടിപ്പാണ് നടത്തിയതെന്നും, പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കരാറുകാരന്‍, കിറ്റ്‌കോ, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ പാലം നിര്‍മ്മാണത്തില്‍ ചുമതലയുണ്ടായിരുന്ന ഏജന്‍സികള്‍ക്കെല്ലാം ക്രമക്കേടില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ചെന്നൈ ഐഐടി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും, അവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടക്കുകയും ചെയ്യുകയാണ്.

11-Jun-2019