മൻമോഹൻ സിങ് സർക്കാരും മോദി സർക്കാരും ജിഡിപി വളര്‍ച്ച സംബന്ധിച്ച് പെരുപ്പിച്ച കണക്കു കാട്ടി ജനങ്ങളെ വഞ്ചിച്ചു: മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്‌

മന്‍മോഹന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരും മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരും ജിഡിപി വളര്‍ച്ച സംബന്ധിച്ച് പെരുപ്പിച്ച കണക്കുകൾ കാണിച്ചു ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്‌ അരവിന്ദ് സുബ്രഹ്മണ്യന്‍. യഥാര്‍ഥ വളര്‍ച്ചയേക്കാള്‍ 2.5 ശതമാനം അധികം പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നത്.

2011-2012 സാമ്പത്തിക വര്‍ഷം മുതല്‍ 2016-2017 സാമ്പത്തിക വര്‍ഷം വരെയുള്ള സമയത്ത് ഇന്ത്യയുടെ ജിഡിപി ഏഴ് ശതമാനമായിരുന്നുവെന്നാണ്‌ സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാലിത് യഥാര്‍ഥത്തില്‍ 4.5 ശതമാനം മാത്രമായിരുന്നു വെന്നാണ് ഇദ്ദേഹം പറയുന്നത്. ജിഡിപി പെരുപ്പിച്ച് കാണിക്കല്‍ നടത്തിയത് ടെക്‌നോക്രാറ്റുകളാണ്. ഈ ശ്രമം കൂടുതലും നടന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.

ജിഡിപി വളര്‍ച്ച പെരുപ്പിച്ച് കാണിച്ചതിന്റെ ഫലമായാണ് അതിന് ആനുപാതികമായി തൊഴില്‍ മേഖലയില്‍ വളര്‍ച്ച ഉണ്ടാകാത്തത്. സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എത്രയും പെട്ടെന്ന് ബാങ്കിങ് മേഖലയില്‍ ഇടപെട്ടില്ലെങ്കില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടുമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ മുന്നറിയിപ്പ് നൽകുന്നു.

11-Jun-2019