സംഭപരിവർ സഹയാത്രികനും യോഗ ഗുരുവുമായ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്കിന്റെ ലാഭത്തിൽ വന്‍ ഇടിവ്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്ഷം 20000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിച്ചയിടത്ത് 8100 കോടിയുടെ വില്‍പ്പന മാത്രമാണ് നടന്നതെന്നാണ് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ ബാബ രാംദേവ് വലിയ വളര്‍ച്ച ഉണ്ടാകുമെന്നു പ്രതീക്ഷിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10% ഇടിയുകയാണുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്നാണ് കമ്പനി വൃത്തങ്ങളുടെ വിലയിരുത്തല്‍.
തെറ്റായ ചില നടപടികളാണ് കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചതെന്നാണ് മുന്‍ തൊഴിലാളികളും വിതരണക്കാരും സ്റ്റോര്‍ മാനേജര്‍മാരും ഉപഭോക്താക്കളും പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പതഞ്ജലി വളരെ പെട്ടെന്ന് വിപുലീകരിച്ചതുകൊണ്ട് ഗുണനിലവാരം നിലനിര്‍ത്താന്‍ പറ്റിയില്ലെന്നതാണ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. രാംദേവിന്റെ അനുയായിയും ബിസിനസ് പങ്കാളിയുമായ ആചാര്യ ബാലകൃഷ്ണയും ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചിരുന്നു.