വായു ഇന്ന് ഗുജറാത്ത് തീരത്ത്: മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചു; 70 ട്രെയിൻ സർവീസുകൾ റദ്ദാക്കി
അഡ്മിൻ
വ്യാഴാഴ്ച പുലർച്ചെയോടെ ഗുജറാത്ത് തീരത്തെത്തുന്ന വായു ചുഴലിക്കാറ്റിന് തീവ്രതയേറുമെന്ന് സൂചന ലഭിച്ചതോടെ ഏകദേശം മൂന്നു ലക്ഷം ആളുകളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു . നേരത്തേ മണിക്കൂറിൽ 120 കിലോമീറ്റർ വേഗമെന്ന് പ്രവചിച്ചിരുന്നെങ്കിലും വായുവിന്റെ വേഗം 145-175 കിലോമീറ്ററിനിടയിലാകുമെന്ന് വിവരം ലഭിച്ചതിനാലാണ് കാറ്റിന്റെ വഴിയിലുള്ള വീട്ടുകാരെയെല്ലാം ഒഴിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
ആകെ 408 വില്ലേജുകളിലെ 60 ലക്ഷം ആളുകൾ ചുഴലിക്കാറ്റിന്റെ സ്വാധീനമേഖലയിൽ വരും. ദ്വാരക, പോർബന്തർ, ജുനഗഢ്, ദിയു, ഗിർ-സോമനാഥ്, ജാംനഗർ, അമ്രേലി, മോർബി, കച്ച്, ഭാവ്‌നഗർ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ കൂടുതലായി ഒഴിപ്പിക്കുന്നത് പഴയ വീടുകളിലും കോൺക്രീറ്റ് ചെയ്യാത്ത മേൽക്കൂരയുള്ള ഭവനങ്ങളിലും കഴിയുന്നവരെ നിർബന്ധമായി മാറ്റി. എന്നാൽ ബോട്ടുകളും വള്ളങ്ങളും ഉപേക്ഷിച്ച് വരാൻ മത്സ്യത്തൊഴിലാളികൾ മടിക്കുന്നു.
വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിൽ 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ 52 ടീമുകൾ ഗുജറാത്തിലെത്തിയിട്ടുണ്ട്. 300 മറൈൻ കമാൻഡോകളും ഒമ്പത് ഹെലികോപ്റ്ററുകളും പ്രധാനസ്ഥാനങ്ങളിൽ ഉണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിൽ കുറിച്ചു.