നിപാ: തീവ്രമായ അവസ്ഥ തരണം ചെയ്യാന്‍ സാധിച്ചു; പക്ഷെ നിരീക്ഷണം ജൂലൈ 15 വരെ തുടരും: ആരോഗ്യമന്ത്രി
അഡ്മിൻ
നിപാ സംബന്ധിച്ച നിരീക്ഷണം ജൂലൈ പതിനഞ്ച് വരെയുണ്ടെന്നും എന്നാല്‍ തീവ്രമായ ഒരവസ്ഥ നമുക്കിപ്പോള്‍ തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ആശുപത്രിയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടിട്ടുണ്ട്.
കുട്ടിയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവായി ലഭിച്ചിട്ടുണ്ട്. ആരിലേക്കും പകര്‍ന്നിട്ടില്ല. സമ്പര്‍ക്കമുണ്ടായവരും അല്ലാതെ കടുത്ത പനിയും എന്‍സഫലൈറ്റിസും ഒക്കെയായി ചികിത്സ തേടി വന്ന സംഭവങ്ങളുമൊക്കെ തന്നെ നെഗറ്റീവായിരുന്നു.
ആശങ്കയൊഴിഞ്ഞു എന്ന് തന്നെ പറയാന്‍ സാധിക്കും. എന്നാല്‍ കുറച്ച് നാളുകള്‍ കൂടിയുള്ള നിരീക്ഷണം ഇപ്പോള്‍ പൂര്‍ണമായി എടുത്തുകളയുന്നില്ല. എറണാകുളത്തെ സംഘം നിരീക്ഷണത്തില്‍ തന്നെയാണ്.
വൈറോളജി ലാബ് ആലപ്പുഴയിലുണ്ട്. കുരങ്ങുപനി പരിശോധിക്കാന്‍ വയനാട്ടില്‍ ലാബുണ്ട്. എന്നാല്‍ ലെവല്‍ 3, 4 എന്നി സംവിധാനമുള്ള ലാബില്‍ മാത്രമെ ഇത്തരത്തില്‍ ഉയര്‍ന്ന തരത്തിലുള്ള വൈറസ് പരിശോധിക്കാനാകു.
അത് രാജ്യത്താകമാനം ഉണ്ടാക്കാനാകില്ല. അതിന് ഐസിഎംആര്‍ ന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി വേണം. കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞ തവണ അനുമതി ചോദിച്ചിരുന്നു.അതിനുള്ള അനുവാദം 2019 മെയിലാണ് ലഭിച്ചത്
മൂന്ന് കോടി രൂപയും നല്കി. കൂടുതല്‍ പരിഗണിക്കാമെന്ന് കേന്ദ്രം പറഞ്ഞു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ലാബ് നിര്‍മ്മിക്കാന്‍ കോഴിക്കോട് എല്ലാ തയ്യാറെടുപ്പും നടത്തുകയാണ്. നിപയുടെ ഉറവിടം കണ്ടെത്താനായുള്ള പരിശ്രമം ശാസ്ത്രജ്ഞര്‍ തുടരുകയാണ്.
പണിമുടക്കി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ശരിയല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നും എല്ലാവരും ഇറങ്ങിവന്നാല്‍ നഷ്ടപ്പെടുന്നത് മനുഷ്യജീവനാണെന്നും മന്ത്രി പറഞ്ഞു