ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; കടുത്ത നിലപാടുമായി എം.എ. ബേബി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആത്മാഭിമാനം സംരക്ഷിക്കാൻ ഉടൻ രാജിവയ്ക്കണമെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. എസ്‌ഐആറിന്റെ പേരിൽ 13 കോടി ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്തുവെന്നും ന്യൂനപക്ഷങ്ങൾ, ദലിതർ, ആദിവാസികൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷ പാർട്ടികളും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ നേരത്തെ തന്നെ രാജിവയ്ക്കേണ്ടതായിരുന്നുവെന്നും ബേബി പറഞ്ഞു. വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിനെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിഎമ്മുകളിൽ കൃത്രിമം നടത്താനാകുമെന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ 100 ശതമാനം വിവിപാറ്റ് പരിശോധന നടപ്പാക്കണമെന്നും ബേബി ആവശ്യപ്പെട്ടു. അതേസമയം, പശ്ചിമ ബംഗാളടക്കം വിവിധ സംസ്ഥാനങ്ങളിൽ സിപിഐഎം ശക്തി വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യാ ബ്ലോക്ക് കൂടുതൽ സജീവമാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

05-Oct-2026