പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സൗമ്യയുടെ മകന്‍; അജാസില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു

പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട സൗമ്യയുടെ മകന്‍. കൊല നടത്തിയ പൊലീസുകാരനായ അജാസില്‍ നിന്നും അമ്മയ്ക്ക് ഭീഷണി ഉണ്ടായിരുന്നെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും സൗമ്യ പറഞ്ഞിരുന്നതായും മൂത്ത മകന്‍ വെളിപ്പെടുത്തി.

അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു.

വള്ളികുന്നം കഞ്ഞിപ്പുഴയ്ക്കു സമീപം ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു വെട്ടി താഴെയിട്ടു.

എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.അജാസിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. സൗമ്യയെ വെട്ടുന്നതിനിടയിലും ഇയാള്‍ക്കു പരുക്കേറ്റു.അക്രമത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജാസിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

16-Jun-2019