കോട്ടയത്ത് ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മറ്റി യോഗം നിയമവിരുദ്ധമാണെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് നിലപാട് സ്വീകരിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് അടുക്കുന്നതായി സൂചന.
കമ്മിറ്റി വിളിക്കാന്‍ അധികാരപ്പെട്ടത് ഞാനാണ്. അല്ലാതെ വിളിക്കുന്നത് അനധികൃതമാണ്. സ്വയം പുറത്തുപോകുന്ന സ്ഥിതിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. എല്ലാ ഒത്തുതീര്‍പ്പ് ആലോചനകളില്‍ നിന്നും ജോസ് കെ. മാണി വിട്ടുനില്‍ക്കുകയും അവസാനം തിരുവനന്തപുരത്തു നടത്താനിരുന്ന ഒത്തുതീര്‍പ്പ് ആലോചനയില്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തി വരാതിരിക്കുകയും ചെയ്തു.’- പിജെ ജോസഫ് പറഞ്ഞു.
നേരത്തെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ച് ജോസഫ് പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതു ധിക്കരിച്ച് യോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.
അതിനിടെ കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍പ്പില്‍ നിന്നു രക്ഷിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ഇന്നു രാവിലെ പി.ജെ ജോസഫുമായും ജോസ് കെ. മാണിയുമായും ഫോണില്‍ സംസാരിച്ചത്.