ബീഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി; നടപടി എടുക്കാതെ സർക്കാർ

ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി. രണ്ടു ദിവസത്തിനിടയില്‍ മാത്രം 25 കുട്ടികളാണ് ഇവിടെ മരിച്ചത്. 172 കുട്ടികളെയാണ് ഈ വര്‍ഷം മസ്തിഷ്കജ്വരം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 157 പേര്‍ക്കും രോഗം ബാധിച്ചത് ഈ മാസമാണ്. തുടര്‍ച്ചയായി മുസാഫര്‍പുരില്‍തന്നെ ഇത്തരം കൂട്ട ശിശുമരണം ഉണ്ടായിട്ടും യഥാര്‍ഥകാരണം കണ്ടെത്താന്‍ ഇതുവയും സർക്കാരിനോ ആരോഗ്യ വകുപ്പിനോ കഴിഞ്ഞിട്ടില്ല.

രക്തത്തില്‍ ഗ്‌ളൂക്കോസിന്റെ അളവു കുറഞ്ഞാണ് (ഹൈപ്പോഗ്‌ളൈസീമിയ) പെട്ടെന്നു മരണം സംഭവിക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാല്‍, എന്താണു മസ്തികജ്വരത്തിലേക്കു നയിക്കുന്ന ഘടകമെന്നു കണ്ടെത്താനായിട്ടില്ല. ലിച്ചിപ്പഴമാണു കാരണമെന്ന് സംശയം പരക്കുന്നുണ്ടെങ്കിലും ഇതും സ്ഥിരീകരിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ സാധ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും മരുന്നിനും സൗകര്യങ്ങള്‍ക്കും കുറവില്ലെന്നും ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ പറയുന്നുണ്ട് എങ്കിലും രോഗികളെ പരിചാരികയാണ് പോലും ഉള്ള ഡോക്റ്റർമാർ ആശുപത്രിയിൽ ഇല്ല എന്നാണു ബന്ധുക്കൾ പറയുന്നത്.

സംഭവം അന്വേഷിക്കാന്‍ ഏഴംഗ വിദഗ്ധസംഘത്തെ കേന്ദ്രം നിയോഗിച്ചു. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ കേന്ദ്രസംഘം പരിശോധന നടത്തും. അസുഖം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ ജില്ലയിലെ സ്കൂളുകള്‍ ഈമാസം 22 വരെ അടച്ചിടും.

16-Jun-2019