ലോക്‌സഭയിലെ കക്ഷി നേതാവിനെ പോലും ഇത് വരെ തെരഞ്ഞെടുക്കാനായില്ല; നാഥനില്ലാതെ കോൺഗ്രസ് ലോക്‌സഭയിലേക്ക്
അഡ്മിൻ
ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉണ്ടായ പ്രതിസന്ധിയിൽ നിന്നും കരകയറാനാകാതെ കോൺഗ്രസ് നേതൃത്വം. ലോകസഭാ സമ്മേളനം തുടങ്ങിയിട്ടും ഇതുവരെ കക്ഷി നേതാവിനെ പോലും തിരഞ്ഞെടുക്കാൻ കോൺഗ്രസ് നേതിര്ത്വത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ലോക്‌സഭയിലെ കോൺഗ്രസിന്റെ കക്ഷിനേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുപ്പിൽ തോറ്റതിനാൽ ഇത്തവണ രാഹുൽ ഗാന്ധി തന്നെ ചുമതല ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. എന്നാൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം പോലും ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി.
കേരളത്തിൽ നിന്നടക്കം 52 എം പിമാരാണ് കോൺഗ്രസ് പാർട്ടിക്കുള്ളത്. രാഹുൽ ഗാന്ധി ഒഴികെ മറ്റെല്ലാപേരും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എന്നാൽ വിദേശ പര്യടനത്തിലുള്ള രാഹുൽ ഗാന്ധി ഇന്ന് തന്നെ തിരിച്ചെത്തുമോയെന്നും പാർലമെന്റ് നടപടികളിൽ പങ്കെടുക്കുമോ എന്നും ഇതുവരെ ഉറപ്പായിട്ടില്ല.
തിരഞ്ഞെടുപ്പിലേറ്റ തോൽവിയാണ് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും അവകാശപ്പെടാനാവാത്ത വിധം കോൺഗ്രസിനെ തളർത്തിയത്. കോൺഗ്രസ് സംയുക്ത പാർലമെന്ററി പാർട്ടി അദ്ധ്യക്ഷയായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇരുസഭകളിലെയും കക്ഷി നേതാക്കളെ സോണിയാ ഗാന്ധി തിരഞ്ഞെടുക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെയും അക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ല.
രാവിലെ 11 മണിക്ക് ആദ്യം മന്ത്രിസഭാംഗങ്ങളും തുടർന്ന് ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തിൽ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എം.പിമാരും പ്രൊട്ടെം സ്‌പീക്കർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. 542 അംഗങ്ങളുടെ സത്യപ്രതിജ്ഞ രണ്ടു ദിവസം നീണ്ടു നിൽക്കും.