ശബരിമലയിലെ അക്രമം: ബിജെപി നേതാവ് വി വി രാജേഷ് പമ്പ സ്റ്റേഷനിൽ കീഴടങ്ങി
അഡ്മിൻ
ശബരിമല ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിനിയെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് വി വി രാജേഷ് പമ്പാ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. തിങ്കളാഴ‌്ച രാവിലെ 9.30നാണ‌് രണ്ട് അഭിഭാക്ഷകരോടൊപ്പം സ്റ്റേഷനിൽ എത്തിയത്. ചിത്തിര ആട്ടവിശേഷ ദിവസം ഭർത്താവിനും മകനുമൊപ്പം ശബരിമല ദർശനത്തിന് എത്തിയ 52 വയസ്സുകാരിയെ നെയ്യ‌് തേങ്ങയ‌്ക്ക‌് തലയ്ക്കടിച്ച് കൊലപെടുത്താൻ ശ്രമിച്ച കേസിലെ 15 -ാം പ്രതിയാണ് രാജേഷ്. പൊലീസിൽ കീഴടങ്ങാതെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിച്ചില്ല.
തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തതിന‌് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കൂടാതെ കെ സുരേന്ദ്രൻ, വൽസൻ തില്ലങ്കേരി, പ്രകാശ് ബാബു, ആർ രാജേഷ് എന്നീ ബിജെപി -ആർഎസ്എസ് നേതാക്കളും കേസിൽ പ്രതികളാണ്. 50,000 രൂപയും രണ്ട് ആൾ ജാമ്യത്തിലും രാജേഷിനെ പിന്നീട‌് വിട്ടയച്ചു.