തെരഞ്ഞെടുപ്പുകൾ വികസനത്തെ ബാധിച്ചെന്ന് രണ്ടാം മോഡി സര്‍ക്കാരിന്റെ നയപ്രഖ്യാപനം
അഡ്മിൻ
സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് അമിതാധികാരം നൽകുന്ന "ഒരേസമയം തെരഞ്ഞെടുപ്പ‌്' നിർദേശം ആവർത്തിച്ച‌് നരേന്ദ്ര മോഡി സർക്കാർ. അടിക്കടിയുള്ള തെരഞ്ഞെടുപ്പുകൾ പോയ ദശകങ്ങളിൽ രാജ്യ വികസനത്തിന്റെ തുടർച്ചയെയും വേഗത്തെയും ബാധിച്ചെന്ന് രണ്ടാം മോഡി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ‌് കോവിന്ദ‌് പറഞ്ഞു. ലോക‌്സഭ–-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ‌്. വികസനം ലക്ഷ്യമിട്ടുള്ള ശുപാർശയെ പാർലമെന്റ് അംഗങ്ങൾ പ്രാധാന്യത്തോടെ കാണണമെന്നും രാഷ്ട്രപതി പറഞ്ഞു.
"ഒരേസമയം തെരഞ്ഞെടുപ്പ‌്' സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായി സമിതിയെ തീരുമാനിച്ചതിനു പിന്നാലെയാണ് നയപ്രഖ്യാപനത്തിലും ഇക്കാര്യം ആവർത്തിച്ചത്. ബിജെപി ഇതരകക്ഷികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചും ഭരണഘടനാ പരിഷ്കരണവുമായി കേന്ദ്രം മുന്നോട്ടുപോകുമെന്ന് വെളിപ്പെടുത്തുന്നതാണ് ഈ നീക്കം.
രാഷ‌്ട്രപതിയുടെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ പുൽവാമ ഭീകരാക്രമണം, തുടർന്ന‌് ഇന്ത്യ നടത്തിയ വ്യോമാക്രമണം എന്നിവയും പരാമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരതയ‌്ക്ക‌് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. മുത്തലാഖ‌് പോലുള്ള ദുരാചാരങ്ങൾ അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ എംപിമാർ സഹകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
വികസന, ക്ഷേമ മേഖലയിൽ മുൻസർക്കാരിന്റെ പ്രഖ്യാപനത്തിന്റെ ആവർത്തനമാണ് നയപ്രഖ്യാപനത്തിൽ നിറഞ്ഞത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ‌്ദാനം 2022ൽ യാഥാർഥ്യമാക്കും. ദരിദ്രർ വെളിയിടങ്ങളിൽ വിസർജിക്കേണ്ടിവരുന്ന സാഹചര്യം അവസാനിപ്പിക്കും. എല്ലാ ഗ്രാമങ്ങളെയും റോഡുകളുമായി ബന്ധിപ്പിക്കും. ജിഎസ‌്ടി ഘടന ലഘൂകരിക്കും. വ്യാപാരികൾക്കുവേണ്ടി ദേശീയതലത്തിൽ ക്ഷേമബോർഡ‌് രൂപീകരിക്കും. ഉഡാൻപദ്ധതിയിൽ ചെറിയ പട്ടണങ്ങളിലേക്ക‌് കൂടുതൽ വിമാന സർവീസുകൾ തുടങ്ങും. ഭാരത‌്മാല പദ്ധതിയിൽ 35,000 കിലോമീറ്റർ ദേശീയപാത നിർമാണവികസനം 2022നകം പൂർത്തിയാക്കും എന്നിങ്ങനെ മുന്‍ പ്രഖ്യാപനങ്ങള്‍ രാഷ്ട്രപതി ആവര്‍ത്തിച്ചു.