അഴിമതിയുടെ കാര്യത്തിൽ സീനിയർ വി ടി ബൽറാം എംഎൽഎ തന്നെ; എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നിർമാണങ്ങൾ ഒന്നൊന്നായി തകർച്ചയിൽ
അഡ്മിൻ
എംഎൽഎ ഫണ്ട് ഉപയോഗിച്ച് വി ടി ബൽറാം എംഎൽഎ നിർമ്മിച്ച നിർമാണങ്ങൾ ഒന്നൊന്നായി തകർച്ചയിൽ. സംസ്ഥാനത്ത് ആദ്യത്തേത് എന്നവകാശപ്പെട്ട‌് നിർമിച്ച ചാലിശേരിയിലെ ഹൈടെക് ബസ‌് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഒരുഭാഗം കഴിഞ്ഞ ദിവസം നിലംപൊത്തിയതിനു പിന്നാലെയാണ് മറ്റു നിർമ്മാണങ്ങളുടെ തകർച്ചയും ഇപ്പോൾ വാർത്തയാകുന്നത്.
പിലാക്കാട്ടിരിയിലുള്ള മാതൃകാ അങ്കണവാടിയിൽ എത്തുന്നവർക്ക് എസിയും ചോർച്ചയും ഒരുമിച്ച് കാണാം. വി ടി ബൽറാം എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന‌് 15 ലക്ഷം രൂപ ചെലവഴിച്ചാണ‌് എസി സ്ഥാപിച്ചത‌്. മഴ പെയ്താൽ തളംകെട്ടി നിൽക്കുന്ന വെള്ളത്തിലിരിക്കേണ്ട സ്ഥിതിയാണ‌് ഇവിടത്തെ കുട്ടികൾക്ക‌്. 2017 ഏപ്രിൽ 29ന് കൊട്ടിഘോഷിച്ച് ജില്ലയിലെ ആദ്യത്തേതെന്ന‌് പറഞ്ഞ് ഉദ്ഘാടനം നടത്തിയ മാതൃകാ അങ്കണവാടി ഒന്നര മാസം കഴിഞ്ഞ് ജൂണിലെ മഴയിൽ തന്നെ ചോർന്നൊലിച്ചു. അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ നാഗലശേരി പഞ്ചായത്ത് ഫണ്ട് വകയിരുത്തി ഡിപിസി അംഗീകാരവും ലഭിച്ചിരുന്നു. ഇത‌് ഇല്ലാതാക്കിയാണ‌് എംഎൽഎയുടെ പിടിവാശിയിൽ ഫണ്ട് അനുവദിച്ച് കെട്ടിടം നിർമിച്ചത്.
എംഎൽഎ തെരഞ്ഞെടുത്ത എറണാകുളത്തെ എഫ്ആർബിഎൽ എന്ന ഏജൻസിയാണ് കെട്ടിടം നിർമിച്ചത‌്. ചെങ്കല്ലും ഇഷ്ടികയും ഒഴിവാക്കി ജിപ്സം, ഫൈബർ ഗ്ലാസ‌്, മഗ്നീഷ്യം, സിലിക്ക തുടങ്ങിയ രാസപദാർഥങ്ങളും ചേർത്തുണ്ടാക്കിയ ഉൽപ്പന്നമാണ് ഭിത്തിനിർമാണത്തിന‌് ഉപയോഗിച്ചത്. മഴ തുടങ്ങിയതോടെ മേൽക്കൂരയിൽനിന്ന‌് ഭിത്തിയിലൂടെ വെള്ളമിറങ്ങി. കുട്ടികളുടെ പഠന മുറിയിലാണ് കൂടുതൽ ചോർച്ച.
ചോർച്ച ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഒരുമണിക്കൂർ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു എന്നാണ് എഫ്ആർബിഎൽ അധികൃതർ പറഞ്ഞത്. രണ്ടുവർഷമായിട്ടും പരിഹാരമായില്ല. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് വിജിലൻസ് സംഘം അങ്കണവാടി പരിശോധിച്ച‌് സംസ്ഥാന ധനകാര്യ ടെക‌്നിക്കൽ വിഭാഗത്തിന് റിപ്പോർട്ട് കൈമാറി. ടെക‌്നിക്കൽ വിഭാഗം പരിശോധിച്ച‌് കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്ന് നാഗലശേരി പഞ്ചായത്തിന് സാക്ഷ്യപത്രം നൽകി. ഇതിനിടയിൽ ഗേറ്റും തകർന്ന‌് വീണു.
പരാതികൾ വകവയ‌്ക്കാതെ തനിക്കിഷ്ടപ്പെട്ടവർക്ക് പ്രവൃത്തി നൽകുന്നതിന് പിന്നിലെ ക്രമക്കേടും ദുരൂഹതയും പുറത്ത് വരാനിരിക്കുന്നതേയുള്ളു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടങ്ങൾ ഉദ്ഘാടനം നടത്തി ഏതാനും മാസങ്ങൾക്കകം തകർന്ന് ഉപയോഗശൂന്യമാകുകയാണ്.