ബിനോയിയെ പാർടി സംരക്ഷിക്കില്ല, കേസ്‌ സ്വയം നേരിടണം: കോടിയേരി

ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ കേസില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്നും ആരോപണ വിധേയന് ഒരു സംരക്ഷണവും നൽകില്ലെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേസ്‌ ബിനോയി ഒറ്റക്ക്‌ നേരിടണമെന്നും വാർത്താസമ്മേളനത്തിൽ കോടിയേരി വ്യക്‌തമാക്കി.

ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അയാള്‍ക്കെതിരായ കേസ് അയാള്‍ തന്നെ നേരിടും. കേസില്‍ നിജസ്ഥിതി അറിയേണ്ടതുണ്ട്. ബിനോയ് നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും അയാള്‍ക്കാണ്. പാര്‍ടി എന്നുള്ള നിലയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും സന്നദ്ധമാവുകയില്ല.

മക്കള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാത്തിലും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് നേരത്തെ ബിനോയിക്കെതിരെ ആരോപണം വന്നപ്പോള്‍ താൻ പറഞ്ഞിരുന്നു. ബിനോയ് വേറൊരു കുടുംബമായി താമസിക്കുന്നയാളാണ്. എന്നും അവർക്ക്‌ പിറകെ നടക്കാൻ തനിക്കാവില്ല. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍ വരുന്ന പ്രശ്‌നങ്ങള്‍ അവര്‍ തന്നെ നേരിടേണ്ടി വരും. സ്വന്തം ചെയ്‌തിയുടെ ഫലങ്ങൾ അവരവർ തന്നെ അനുഭവിക്കണം. പാര്‍ട്ടിയോ മറ്റാരെങ്കിലുമോ സംരക്ഷിക്കും എന്ന ധാരണയില്‍ ആരും തെറ്റുകള്‍ ചെയ്യാന്‍ തുനിയേണ്ടെന്നും കോടിയേരി പറഞ്ഞു.

സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന്‌ രാജിവെയ്‌ക്കും എന്ന വാർത്ത ദുരൂഹമാണ്‌. താൻ വഹിക്കുന്ന പദവിയെ കുറിച്ച്‌ കുടുംബവും ആലോചിക്കണം.പാര്‍ട്ടി മെമ്പര്‍മാരായിട്ടുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇത് ബാധകമാണ്. ബിനോയിയുടെ നിരപരാധിത്വം കോടതിയിലാണ് അറിയിക്കേണ്ടത്. കോടതിയിലിരിക്കുന്ന വിഷയമായത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുന്നില്ല. എല്ലാം കോടതി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

22-Jun-2019