കോൺഗ്രസ് തകർച്ചയിൽ; തീരുമാനമെടുക്കാൻ നേതൃത്വമില്ല, വിവിധ പിസിസികളിൽ നേതാക്കൾ തമ്മിൽ സംഘർഷം
അഡ്മിൻ
തെരഞ്ഞെടുപ്പുതോൽവിയേക്കാൾ രൂക്ഷമായ നേതൃപ്രതിസന്ധിയിലൂടെ നീങ്ങുന്ന കോൺഗ്രസിൽ തമ്മിലടി രൂക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ‌് അടുത്ത സാഹചര്യത്തിൽ ഡൽഹിയിൽ ആം ആദ‌്മി സഖ്യശ്രമം സംബന്ധിച്ച‌് ഷീല ദീക്ഷിത്തും പി സി ചാക്കോയും തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക‌് നീങ്ങി.
ഇരുവിഭാഗങ്ങളും പരസ‌്പരം ആരോപണമുന്നയിച്ച‌് നൽകിയ പരാതി തുറന്നുനോക്കാൻ പോലും എഐസിസി നേതൃത്വത്തിൽ ആളില്ല. പരാതി പരിശോധിക്കാൻ അധ്യക്ഷപദവി ഒഴിഞ്ഞ രാഹുൽ ഗാന്ധി തയ്യാറായില്ല. കൂടാതെ വിവിധ പിസിസികളിലും സംഘർഷങ്ങൾ തുടരുകയാണ‌്. തെരഞ്ഞെടുപ്പ‌് തോൽവിയേക്കാൾ കടുത്ത ആഘാതത്തിലേക്ക‌് കോൺഗ്രസ‌് നീങ്ങുകയാണ‌്. അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുൽ ഗാന്ധിക്ക‌് മനംമാറ്റമില്ലെന്ന‌് ഉറപ്പിച്ചതോടെ ചരിത്രത്തിലില്ലാത്ത നേതൃപ്രതിസന്ധിയിലാണ‌് കോൺഗ്രസ‌്.
ആം ആദ‌്മിയുമായി സഖ്യത്തിന‌് ശ്രമിച്ചതിനെ തുടർന്നുണ്ടായ ഭിന്നതയാണ‌് പൊട്ടിത്തെറിയിലേക്കെത്തുന്നത‌്. പി സി ചാക്കോയെ മാറ്റണമെന്ന‌് ആവശ്യപ്പെട്ട‌് ഡൽഹിയിലെ കോൺഗ്രസ‌് നേതാവ‌് രോഹിത‌് മാൻചന്ദയാണ‌് കത്ത‌് നൽകിയത‌്. ചാക്കോ തന്നോട‌് അപമര്യാദയായി പെരുമാറിയെന്നാണ‌് കത്തിലെ ആരോപണം. ഡൽഹി പാർടി അധ്യക്ഷസ്ഥാനത്തുനിന്ന‌് ഷീല ദീക്ഷിത്തിനെ മാറ്റണമെന്ന‌് ആവശ്യപ്പെട്ട‌് പുരുഷോത്തം ഗോയലാണ‌് കത്ത‌് നൽകിയത‌്. ഗോയൽ കത്ത‌് കൊടുത്തത‌് ആരുടെ നിർദേശപ്രകാരമാണെന്ന‌് വ്യക്തമാണെന്ന‌് രോഹിത‌് പറഞ്ഞു. ചാക്കോയ‌്ക്ക‌് എതിരെയാണ‌് രോഹിത‌് പരോക്ഷമായി വിമർശം ഉന്നയിക്കുന്നത‌്. ആം ആദ‌്മിയുമായുള്ള സഖ്യത്തെ പി സി ചാക്കോ അനുകൂലിച്ചപ്പോൾ ശക്തമായ എതിർപ്പാണ‌് ഷീല ദീക്ഷിത‌് ഉയർത്തിയത‌്. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം പരസ്യപ്രസ‌്താവനകളിൽ എത്തിയിട്ടും നേതൃത്വം ഇടപെടുന്നില്ല.
തിരിച്ചുവരവില്ലെന്ന‌് വ്യക്തമാക്കി സംഘടനാചുമതലകൾ നിർവഹിക്കുന്നത‌് രാഹുൽ ഗാന്ധി അവസാനിപ്പിച്ചു. തനിക്ക‌് പകരക്കാരനെ കണ്ടെത്തണമെന്ന നിർദേശത്തിൽ ഒരു നടപടിയും എടുക്കാത്തതിന്റെ പ്രതിഷേധത്തിലാണ‌് രാഹുൽ. കത്തുകളിൽ ഒപ്പിടാൻപോലും രാഹുൽ തയ്യാറാകുന്നില്ല.
പാർടി ഭാരവാഹികൾക്ക‌് നൽകിയ കത്തിൽ കീഴ‌്‌വഴക്കം ലംഘിച്ച‌് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ‌് ഒപ്പിട്ടത്.കോൺഗ്രസ് ചരിത്രത്തിൽ ആദ്യമാണ് അധ്യക്ഷൻ ഒപ്പിടാതെ ഭാരവാഹികൾക്ക് കത്ത് നൽകുന്നത്. പാർലമെന്റിൽ നയപ്രഖ്യാപനത്തിനിടെ പോലും മനപൂർവം അലക്ഷ്യമായി പെരുമാറുകയാണ‌് കോൺഗ്രസ‌് അധ്യക്ഷൻ ചെയ‌്തത‌്.
അധ്യക്ഷസ്ഥാനത്ത‌് തുടരില്ലെന്ന‌് ആവർത്തിച്ച രാഹുലിന‌് പകരക്കാരനെ കണ്ടെത്താൻ നൽകിയ ഒരുമാസ കാലാവധി അവസാനിക്കുകയാണ‌്. രാഷ‌്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ ഫോണിൽ കളിച്ചും പാർലമെന്റിന്റെ ഫോട്ടോ എടുത്തുമാണ‌് രാഹുൽ സമയം കളഞ്ഞത‌്. തിരുത്താൻ സോണിയ ഗാന്ധി ഒന്നിലേറെ തവണ ശ്രമിച്ചിട്ടും വഴങ്ങിയില്ല.
24-Jun-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ